ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട പാക് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്ത്

Jaihind Webdesk
Thursday, February 28, 2019

ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ട പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തിന്റെ ചിത്രം പുറത്ത്. പാക് അധീന കശ്മീരില്‍ നിന്നാണ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ഇതുസംബന്ധിച്ച ചിത്രങ്ങള്‍ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. പാകിസ്ഥാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതാണ് ചിത്രം. പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് ചിത്രത്തിലേതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ടെടുത്തത് പാകിസ്ഥാന്റെ എഫ് 16 വിമാനത്തിന്റെ അവശിഷ്ടം തന്നെയാണെന്നതിന് തെളിവായി എഫ് 16ന്റെ എന്‍ജിന്റെ രേഖാചിത്രവും എഎന്‍ഐ പുറത്തുവിട്ടു. ചിത്രത്തിലെ വിമാന അവശിഷ്ടത്തിന് രേഖാചിത്രത്തിലെ ഭാഗങ്ങളുമായി സാമ്യമുണ്ട്.

ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനായി പറന്നെത്തിയത്. അതിര്‍ത്തിയ്ക്ക് മൂന്ന് കിലോമീറ്റര്‍ ഇപ്പുറത്തേക്ക് എത്തിയ പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനങ്ങളുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇന്ത്യന്‍ ആക്രമണം പ്രതിരോധിക്കാനാകാതെ മറ്റ് രണ്ട് എഫ്16 വിമാനങ്ങളും തിരികെ പറക്കുകയായിരുന്നു. അതിര്‍ത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകര്‍ന്ന് വീണത്.