പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി ക്കെതിരെ ആഞ്ഞടിച്ച്

Jaihind Webdesk
Friday, February 22, 2019

Narendra Modi Rahul Gandhi

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം പുല്‍വാമ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിംഗിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ‘ഫോട്ടോഷൂട്ട് സര്‍ക്കാര്‍’ എന്ന ഹാഷ് ടാഗിലാണ് വിമര്‍ശനം. ‘പ്രൈം ടൈം മിനിസ്റ്റര്‍’ എന്ന് അഭിസംബോധനയോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ മോദിയെ രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.

ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ‘പ്രൈം ടൈം മിനിസ്റ്റര്‍’ സിനിമയുടെ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. രാജ്യം സങ്കടപ്പെടുമ്പോള്‍ മോദി തടാകത്തില്‍ നടന്ന ഫോട്ടോഷോട്ടിനു വേണ്ടി പുഞ്ചിരി തൂകി നില്‍ക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

 

ചില പ്രാദേശിക പത്രങ്ങളാണ് ജിംകോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലായിരുന്നു പുല്‍വാമ ആക്രമണ സമയത്ത് മോദിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നത്.

തീവ്രവാദ ആക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിംഗ് തുടരാനാണ് മോദി തീരുമാനിച്ചത്. മോദി ഷൂട്ടിംഗ് കഴിഞ്ഞ് ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ നിന്ന് വൈകുന്നേരമാണ് തിരിച്ച് വന്നത്.

രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികരെ ഓര്‍ത്ത് രാജ്യം കരഞ്ഞ ഉച്ചയ്ക്ക് പ്രധാനമന്ത്രി ഷൂട്ടിംഗിലായിരുന്നു. വേറെ എന്തെങ്കിലും രാജ്യത്ത് ഇങ്ങനെത്തെ പ്രധാനമന്ത്രിയുണ്ടോയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.