ഇരുട്ടടിയായി ഇന്ധനവില ; തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില കൂട്ടി

Jaihind News Bureau
Thursday, June 18, 2020

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില തുടർച്ചായി കൂട്ടി എണ്ണക്കമ്പനികള്‍. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടുകയാണ് എണ്ണക്കമ്പനികള്‍ ചെയ്യുന്നത്. തുടർച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. ആറര രൂപയിലധികമാണ് കഴിഞ്ഞ 12 ദിവസം കൊണ്ട് ഇന്ധനവിലയിലുണ്ടായ വർധന.

12 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് കൂടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്‍റെ വില സംസ്ഥാനത്ത് ഏകദേശം 80 രൂപയോളമായി. ലോക്ക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത്.

അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 33 ഡോളറില്‍ നിന്ന് 19 ഡോളറായി കുത്തനെ കുറഞ്ഞിട്ടും ജനത്തെ പിഴിയുന്ന നയമായിരുന്നു കേന്ദ്രം സ്വീകരിച്ചത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ എക്സൈസ് തീരുവ കൂട്ടുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയില്‍ വല ബാരലിന് 19 ഡോളറായി കുറഞ്ഞപ്പോള്‍ കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടിയതോടെ വിലയിടിവിന്‍റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില  41 ഡോളറായി ഉയർന്നു. ഇതിന്‍റെ അമിതഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇപ്പോള്‍.