പെരിയ ഇരട്ടക്കൊലപാതകം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ കോടതി നാളെ പരിഗണിക്കും

Jaihind Webdesk
Friday, July 22, 2022

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ നാളെ എറണാകുളം സിബിഐ കോടതി പരിഗണിക്കും. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ മൂന്നര വർഷമായി കണ്ണൂർ സെൻട്രൽ ജയിലിലുള്ള കുട്ടൻ എന്ന പ്രദീപ് കുട്ടൻ, റെജി വർഗീസ്, അടുത്തിടെ സിബിഐ അറസ്റ്റ് ചെയ്ത സുര എന്ന വിഷ്ണു സുര എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി നാളെ വിധി പറയുന്നത്.

ജാമ്യാപേക്ഷകളിൽ ഈ മാസം 11, 12 തീയതികളിൽ വാദം നടന്നിരുന്നു. പിന്നീട് വിധി പറയുന്നതിലേക്കായി കോടതി മാറ്റി വെക്കുകയായിരുന്നു. കൂടാതെ തൊണ്ടി മുതലായി കോടതിയിൽ ഹാജരാക്കിയ സ്വിഫ്റ്റ്, ബൊലേറൊ കാറുകളടക്കം നാല് വാഹനങ്ങൾ വിട്ടുകിട്ടണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. കുറ്റകൃത്യം ചെയ്യാനും പിന്നീട്  രക്ഷപെടാനും ഉപയോഗിച്ച വാഹനങ്ങളാണിത്.

കേസില്‍ 2019 ഫെബ്രുവരി 21 ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത കുട്ടൻ എന്ന പ്രദീപ് കുട്ടൻ, റെജി വർഗീസടക്കം 11 പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും സിബിഐക്ക് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ വാദിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുകൾ പ്ലംബിംഗ്-വയറിംഗ് തൊഴിലാളിയായ റെജി വർഗീസ്, ഒന്നാം പ്രതിയായ ഏച്ചിലടുക്കത്തെ പീതാംബരന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വെച്ച് കേസിലെ പ്രതികൾക്ക് കൈമാറിയതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 2019 ഏപ്രിൽ 14ന് ഏച്ചിലടുക്കം കേന്ദ്രീകരിച്ച നടന്ന ഗുഢാലോചനയിൽ റെജി വർഗീസ് പ്രതികളോടൊപ്പം പങ്കെടുത്തിരുന്നുവെന്ന് തെളിവുകൾ സഹിതം പ്രോസിക്യൂഷൻ വാദിച്ചു.

‘2019 ഫെബ്രുവരി 17 ന് രാവിലെ മുതൽ തന്നെ മുഴുവൻ പ്രതികളും ഗൂഢാലോചന നടത്തിയെന്നും കൊല്ലപ്പെട്ട രാത്രി 7.36 ന് ശരത് ലാൽ, കൃപേഷ് എന്നിവർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കല്യോട്ട് ഭജനമന്ദിരത്തിന് സമീപത്ത് വെച്ച് പ്രതി ഒരു മിനിറ്റോളം മൊബൈൽ ഫോണിൽ സംസാരിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ നൽകി. പ്രതികൾ സിപിഎം പ്രവർത്തകരായതിനാല്‍ ഭരണകക്ഷിയുടെ എല്ലാ ആനുകുല്യങ്ങളും ലഭിക്കുമെന്നതുകൊണ്ട് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. കേസ് വിചാരണ അടുത്ത സമയമായതിനാൽ ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും .ശ്രമിക്കും.

മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി കുഞ്ഞിരാമനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ മണികണ്ഠനും അടക്കമുള്ള ഉന്നത സിപിഎം നേതാക്കൾ പ്രതികളായ കേസിൽ ഭരണകക്ഷിയുടെ പിന്തുണയിൽ പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന ആശങ്കയും ഉയർത്തി. സിബിഐ അന്വേഷണം വരാതിരിക്കാൻ ഖജനാവിൽ നിന്ന് ഒന്നര കോടിയോളം രൂപ ചെലവഴിച്ച് സുപ്രീം കോടതിയിൽ വരെ സർക്കാർ അപ്പീൽ പോയതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡി വിചാരണ നടത്തണമെന്ന ഹൈക്കോടതി ഉത്തരവും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. ശരത് ലാൽ, കൃപേഷ് വധത്തിന് മുമ്പും ശേഷവും പ്രതികൾ ഗൂഢാലോചന നടത്തിയ കാര്യവും പ്രോസിക്യൂഷൻ തെളിവ് സഹിതം കോടതിയിൽ നൽകി. മൂന്നര വർഷത്തിലേറെയായി പ്രതികൾ ജയിലിലായിട്ടും മോചനമില്ലാത്തതിനാൽ കൊലപാതകികളുടെ കുടുംബം പാർട്ടിയുമായി അകന്നു കഴിയുകയാണ്. പാർട്ടി കൊലപാതകികളുടെ കുടുംബത്തിന് പ്രതിമാസം നൽകുന്ന പണം പലരും വാങ്ങാറില്ല. ഭരണവും സ്വാധീനവും ഉണ്ടായിട്ടും മോചനമുണ്ടാകാത്തതിൽ പ്രതികളുടെ കമ്യൂണിസ്റ്റ് കുടുംബങ്ങൾ പ്രതിഷേധത്തിലാണ്.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ് ഒന്നാം പ്രതി.