സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കൊവിഡ് കണക്കുകള്‍ അവിശ്വസനീയമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ച് സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ കുറവാണെന്ന് കാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ജൂണ്‍ മാസത്തില്‍ കൊവിഡ് ടെസ്റ്റുകളില്‍ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പലതും വലിയ പൊരുത്തക്കേടുണ്ട്. കൊവിഡ് പരിശോധന കണക്കുകളില്‍ ജൂലൈ ആറ് മുതലാണ് വന്‍ തോതില്‍ വര്‍ധനവുണ്ടായത്.
ജൂലൈ 12 ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച 3,47,529 സാമ്പിളുകളില്‍ 435 പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തി. എന്നാല്‍ ജൂലൈ 13 ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 4,16,282 ആണ്. 445 പോസിറ്റീവ് കേസുകളും. ഒറ്റ ദിവസം കൊണ്ട് 68753 സാമ്പിളിന്‍റെ വര്‍ധനവ് എങ്ങനെയുണ്ടായെന്നും വിഷ്ണുനാഥ് ചോദിച്ചു. പരിശോധനാ സാമ്പിളുകളില്‍ അരലക്ഷത്തിന് മുകളില്‍ വര്‍ധനവുണ്ടായിട്ടും പോസിറ്റീവ് കേസുകള്‍ 445 മാത്രമാണ്.
സര്‍ക്കാര്‍ രേഖ പ്രകാരം 12680 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 435 പോസിറ്റീവും 68,753 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച ദിവസം 445 പോസിറ്റീവും. ഈ കണക്കുകള്‍ തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നും സര്‍ക്കാരിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിടാത്തതാണെന്നും വിഷ്ണുനാഥ് പറഞ്ഞു.