
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിനെതിരെ പരാതിയുമായി നീങ്ങുന്ന സിപിഎം നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഒരു പാട്ടിനെപ്പോലും പേടിക്കുന്ന ദുര്‍ബലമായ പാര്‍ട്ടിയായി സിപിഎം മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം, സര്‍ഗ്ഗാത്മകമായ പ്രതിഷേധങ്ങളെ ഭയപ്പെടുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാരഡി ഗാനത്തിനെതിരെ പരാതിയുമായി പോകുന്നത് ആ പാട്ടിനേക്കാള്‍ വലിയ കോമഡിയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒരു കലാകാരന് തന്റെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് നടത്തിയ പ്രതിഷേധമാണ് ആ പാട്ട്. അതിനെ നിയമപരമായി നേരിടാന്‍ നോക്കുന്നത് സര്‍ക്കാരിന്റെ പരാജയമാണ്. കൂടുതല്‍ പരിഹാസ്യരാകാതെ, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നത് ജനാധിപത്യപരമായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.