ഡോക്ടർമാരുടെ അനാസ്ഥ; ചികിത്സാ പിഴവ്; മധ്യവയസ്‌കൻ മരണാസന്ന നിലയിൽ

Jaihind Webdesk
Friday, May 17, 2019

ഡോക്ടർമാരുടെ അനാസ്ഥമൂലം, ചികിത്സാ പിഴവിനെതുടർന്ന് നിർധന കുടുംബാംഗമായ മധ്യവയസ്‌കൻ മരണാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അശുപത്രിയിൽ കഴിയുന്നു. ചേമഞ്ചേരി സ്വദേശിയായ ബൈജുവാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ബൈജുവിന്‍റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും, കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കളും, നാട്ടുകാരും ആവശ്യപ്പെട്ടു.

പിത്താശയ സംബന്ധമായ അസുഖത്തിന് കഴിഞ്ഞമാസം 9നാണ് ചേമഞ്ചേരി സ്വദേശിയായ ടി.സി ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഡിപ്പാർട്‌മെന്‍റ് തലവന്‍റെ നിർദ്ദേശ പ്രകാരം 13ന് ശസ്ത്രക്രിയ നടത്തി പിത്താശയകല്ല് നീക്കം ചെയ്തു. പ്രധാന ഡോക്ടറുടെ അഭാവത്തിൽ, അസിസ്റ്റന്‍റായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പിത്തരസം പോകുന്നതിനുള്ള സ്റ്റെന്‍റ് ഇടാതിരുന്നതുമൂലം, ഇത് രക്തത്തിൽ കലർന്ന് ബൈജുവിന്‍റെ വൃക്കകൾ പൂർണമായും തകരാറിലായി. വയറിൽ പഴുപ്പ് നിറഞ്ഞ്, കുടലുകൾ ഒട്ടിപ്പിടിച്ച്, ആന്തരാവയവങ്ങൾ തകരാറിലായ അതീവ ഗുരുതരാവസ്ഥയിലാണ് രോഗി ഇപ്പോഴെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു.

ഏതോ കാരണവശാൽ ബൈജുവിന്‍റെ ശസ്ത്രക്രിയക്കിടെ സ്റ്റെന്‍റ് ഇടാൻ സാധിച്ചില്ലെന്ന അതീവ ഗൗരവമേറിയതും, ഗുരുതര വീഴ്ച തുറന്ന് സമ്മതിക്കുന്നതുമായ മറുപടിയാണ് സർജറി നടത്തിയ ഡോക്ടറിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചത്. ആരോഗ്യ വകുപ്പിന്‍റെ വീഴ്ചകൊണ്ട് അതീവ ഗുരുതരാവസ്ഥയിലായ ബൈജുവിന്‍റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് ആവശ്യപ്പെട്ടു.

38 കാരനായ ബൈജുവിന്‍റെ വരുമാനമായിരുന്നു ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമടങ്ങുന്ന ഈ ദരിദ്ര കുടുംബത്തിന്‍റെ ഏക ആശ്രയം. നാട്ടുകാരുടെ സഹകരണത്തോടെ ഇതുവരെയുള്ള ചികിത്സ നടത്തി. ബൈജുവിന്‍റെ ജീവനുവേണ്ടി ആശുപത്രി വരാന്തയിൽ പ്രാർത്ഥനയോടെ കഴിയുകയാണ് ഭാര്യയും, ബന്ധുക്കളും.