ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച എച്ച് വൺ എൻ വൺ രോഗി മരിച്ചു; ആശുപത്രി അധികൃതരുടെയും ഡോക്ടറുടെയും അനാസ്ഥയെന്ന് ബന്ധുക്കള്‍

Jaihind Webdesk
Wednesday, June 5, 2019

കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തിയ ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. വെന്‍റിലേറ്ററും ബെഡ്ഡും ഇല്ല എന്ന കാരണത്തിൽ മെഡിക്കൽ കോളേജിൽ നിന്നും മടക്കി അയക്കുക ആയിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. സമീപത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവിടങ്ങളിൽ നിന്നും ചികിത്സ നൽകാതെ മടക്കി അയച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോഗ്യ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിൽ തന്നെയാണ് ഗുരുതരാവസ്ഥയിൽ എത്തിയ ഒരു രോഗി രണ്ടു മണിക്കൂർ ആംബുലൻസിൽ കിടന്നിട്ടും ചികിത്സ കിട്ടാതെ മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ജേക്കബ് തോമസിനെ, പനി മൂർച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. എച്ച് വൺ എൻ വൺ ബാധ സംശയിച്ചിരുന്ന ഇദ്ദേഹത്തോട് ആശുപത്രി അധികൃതർ കടുത്ത അനാസ്ഥ കാണിച്ചത്. ബെഡ്ഡും വെൻറിലേറ്ററും ഇല്ലാത്തതിനാൽ ചികിത്സ നല്‍കാൻ കഴിയില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. ബന്ധുക്കളോട് മോശമായാണ് ഇവർ പെരുമാറിയതെന്നും ആരോപണം ഉണ്ട്.

ഏറെ നേരം ചികിത്സയ്ക്ക് ആംബുലൻസ് കാത്തു കിടന്ന ശേഷം തെള്ളകത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും ഇതേ സമീപനം തന്നെ ആയിരുന്നു ഇവിടെയും ഉണ്ടായത്. തിരിച്ചു നാലേകാലോടെ തിരികെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചു. മരണശേഷവും ഗുരുതര അനാസ്ഥയാണ് ആശുപത്രി അധികൃതർ കാട്ടിയത്. മാധ്യമങ്ങൾ എത്തിയതിനു ശേഷമാണ് ആംബുലൻസിൽ കിടന്ന രോഗിയുടെ അടുത്തേക്ക് ഡോക്ടർമാർ എത്തിയത്. ചികിത്സ നിഷേധം നടത്തിയ മൂന്ന് ആശുപത്രികള്‍ക്കും എതിരെ ജേക്കബ് തോമസിന്‍റെ ബന്ധുക്കൾ പരാതി നൽകും.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നും തുടർന്ന് മുൻ പ്രതിഷേധ പ്രകടനവുമായി മുന്നോട്ടുപോകുമെന്നും ലതികാ സുഭാഷ് അറിയിച്ചു

അതേസമയം സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. നിപ്പായ്ക്ക് എതിരെ അതീവ ജാഗ്രത പുലർത്തുമ്പോൾ ആണ് പനി ബാധിച്ച ഒരു രോഗി മൂന്ന് ആശുപത്രികളിൽ നിന്നും ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങുന്നത്