കൊച്ചി വഴിയുള്ള യാത്ര റദ്ദാക്കി ; പട്ടേല്‍ അഗത്തിയിലേക്ക് ഒളിച്ചോടിയെന്ന് ടി.എൻ പ്രതാപൻ എം.പി

Jaihind Webdesk
Monday, June 14, 2021

കൊച്ചി : ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചി വഴിയുള്ള യാത്ര റദ്ദാക്കി. അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേയ്ക്ക് ഒളിച്ചോടിയെന്ന് ടി.എൻ പ്രതാപൻ എം പി ആരോപിച്ചു. ലക്ഷദ്വീപിൽ കരിദിനത്തിൻ്റെ ഭാഗമായി വീടുകളിൽ സ്ഥാപിച്ച കറുത്ത കൊടി നീക്കണമെന്നാവശ്യപ്പെട്ട് പോലീസ് രംഗത്തെത്തി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചി വഴിയുള്ള യാത്ര റദ്ദാക്കി നേരിട്ട് അഗത്തിയിലേക്ക് പോയി. യാത്രാ ഷെഡ്യൂൾ പ്രകാരം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് അവസാന നിമിഷം റദ്ദാക്കി ഗോവയിൽ നിന്നും നേരിട്ട് അഗത്തതയിലേക്ക് പോയി. പ്രഫുൽ പട്ടേൽ കൊച്ചിയിൽ എത്തുമെന്ന വിവരത്തെ തുടർന്ന് അദ്ദേഹത്തെ കാണാൻ രാവിലെ യുഡിഎഫ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി.

ഭരണ പരിഷ്ക്കാരങ്ങൾ പിൻവലിക്കുക, യുഡിഎഫ് സംഘത്തിന് സന്ദർശനാനുമതി നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം അഡ്മിനിസ്ട്രേട്ടർക്ക് നേരിട്ട് നൽകുകയായിരുന്നു എംപിമാരായ ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, അൻവർ സാദത്ത്  എം.എൽ.എ എന്നിവർ ലക്ഷ്യമിട്ടിരുന്നത്. കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് യുഡിഎഫ് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ അഗത്തിയിലേയ്ക്ക് ഒളിച്ചോടിയെന്ന് ടി.എൻ പ്രതാപൻ എംപി ആരോപിച്ചു.

അഡ്മിനിസ്ടേറ്ററുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് സേവ് ലക്ഷ്ദ്വീപ് ഫോറം ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കരങ്കൊടി കെട്ടിയും കറുത്ത മാസ്ക് അണിഞ്ഞുമുള്ള പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി. കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളിലെത്തി ആവശ്യപ്പെട്ടു. കൊടികെട്ടിയ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.