കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. ജമ്മു-കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവെപ്പ് നടത്തി. സൈനിക പോസ്റ്റുകൾക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിന് ഇന്ത്യ ശക്തമായ മറുപടി നല്‍കി. നിയന്ത്രണരേഖയില്‍ തിരിച്ചടിച്ച ഇന്ത്യ ഒരു മണിക്കൂറോളം വെടിവെപ്പ് നടത്തി.
ബലാകോട്ടിലെ ഇന്ത്യന്‍ സൈനിക നടപടിക്ക് പിന്നാലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ അതിര്‍ത്തിമേഖലയില്‍ പാക് പ്രകോപനം തുടരുകയാണ്. നൗഷേര, രജൗറി എന്നിവിടങ്ങളിലും പാക് ആക്രമണം ശക്തമാണ്.
സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ ആസൂത്രണം ചെയ്യാനും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും പ്രധാനമന്ത്രിയുടെ വസതിയില്‍ മന്ത്രിസഭായോഗം ചേര്‍ന്നു. പാകിസ്ഥാനിൽ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയ അമേരിക്ക പാകിസ്ഥാന്‍റെ ഭീകരവാദം വളര്‍ത്തുന്ന നിലപാടിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
യുദ്ധത്തിലേക്ക് നയിക്കുന്ന നിലപാടുകളില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് സൌദിയും ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാമെന്നും സൌദി അറിയിച്ചു.