പാക് വിദേശകാര്യമന്ത്രിയുടെ വാദം തള്ളി സൈന്യം; ജെയ്‌ഷെ മുഹമ്മദ് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ്

Jaihind Webdesk
Thursday, March 7, 2019

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ. ഇന്ത്യ വ്യോമാതിർത്തി ലംഘിച്ചതോടെ ഇരുരാജ്യങ്ങളും യുദ്ധത്തിനരികെ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ വാദം തള്ളിയാണ് സൈന്യം രംഗത്തെത്തിയിരിക്കുന്നത്.

മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്നും രോഗം ബാധിച്ച് അവശനിലയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വെളിപ്പെടുത്തിയിരുന്നു. ഈ വാദം തള്ളിയാണ് സൈന്യം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് പാകിസ്ഥാനിൽ ഇല്ലെന്നാണ് പാക് സൈനിക വക്താവ് വിശദമാക്കിയത്. ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇരു രാജ്യങ്ങൾക്കിടയിലെ സാഹചര്യങ്ങൾ വഷളാവുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇന്‍റർ സർവ്വീസ് പബ്ലിക് റിലേഷൻ മേജർ ജനറൽ അസിഫ് ഗഫൂർ, അതിർത്തിയിലെ സാഹചര്യം പതിവുള്ളതാണെന്നും പറഞ്ഞു.

നേരത്തെ സാമൂഹ്യ മാധ്യമങ്ങളും ചില ദേശീയ മാധ്യമങ്ങളും വ്യാപകമായി മസൂദ് അസർ മരിച്ചെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സാഹചര്യത്തിൽ വൃക്കയ്ക്ക് രോഗം ബാധിച്ച മസൂദ് അസർ തീരെ അവശനിലയിലാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വെളിപ്പെടുത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഭീകരാക്രമണത്തിനു പിന്നിൽ ജയ്‌ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദമാണ്
പാക് വിദേശകാര്യമന്ത്രി നടത്തിയത് .