പത്മകുമാര്‍ അകത്തു തന്നെ; കട്ടിളപ്പാളി കേസില്‍ ജാമ്യം നിഷേധിച്ച് കോടതി

Jaihind News Bureau
Friday, December 12, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തം എന്നായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. എന്നാല്‍ പത്മകുമാറിന് സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതിനിടെ ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്മകുമാര്‍ നീക്കം തുടങ്ങിയതായാണ് സൂചന.

അതേ സമയം ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഡിസംബര്‍ 18 ന് ജാമ്യഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ആദ്യമായിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അപ്പോഴൊന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.