വീണയ്ക്കു പദവി : ചതിയെന്ന് പത്മകുമാര്‍; ഊണു കഴിക്കാതെ മടങ്ങി…

Jaihind News Bureau
Sunday, March 9, 2025

ഇത്തവണയെങ്കിലും സംസ്ഥാന സമിതിയില്‍ കയറാന്‍ കഴിയുമെന്നായിരുന്നു സഖാവിന്റെ പ്രതീക്ഷ. ഒന്നും നടന്നില്ല. ജില്ലാ കമ്മിറ്റിയിലും, ജില്ലാ സെക്രട്ടറിയറ്റിലുമായി കുറേ കാലമായി പ്രവര്‍ത്തിക്കുന്നു. ഇപ്രാവശ്യം നിശ്ചയമായും ഉണ്ടാകുമെന്നൊക്ക ചിന്തിച്ചു, പക്ഷേ, പിണറായിയുടേയും എം വി ഗോവിന്ദന്റേയും ചിന്തകള്‍ അതുക്കും മേലേയായിരുന്നു.മുന്‍ എംഎല്‍ എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും പത്തനം തിട്ടയിലെ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പത്മകുമാറിന്റെ കാര്യമാണ് പറയുന്നത്.

ചതിവ്, വഞ്ചന, അവഹേളനം 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്നാണ് പത്മകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതു മാത്രമായിരിക്കില്ല പ്രതിഷേധത്തിനു പിന്നില്‍. പത്തനം തിട്ടയില്‍ നിന്ന് സംസ്ഥാന സമിതിയില്‍ അംഗമായത് മുന്‍ മന്ത്രി തോമസ് ഐസക്കാണ്. രാജു ഏബ്രഹാമിനെപോലും വെട്ടിയാണ് ആലപ്പുഴയില്‍ നിന്ന് പത്തനം തിട്ടയില്‍ കുടിയേറിയ തോമസ് ഐസക്കിനെ പ്രതിനിധിയായത്. കമ്മിറ്റിയില്‍ അംഗത്വം ഇല്ലെന്ന് ഉറപ്പായതോടെ പ്രതിഷേധ സൂചകമായി ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെ സമ്മേളന നഗരിയായ കൊല്ലം വിട്ട് പത്മകുമാര്‍. തുടര്‍ന്നാണ് ചതിവ്, വഞ്ചന, അവഹേളനം 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്ന പോസ്റ്റ് വന്നത്. ശോകമൂകമായ ഒരു ചിത്രവും ഇതോടൊപ്പം നല്‍കി . പ്രൊഫൈല്‍ പിക് ഇതോടൊപ്പം മാറ്റി.

പാര്‍ട്ടിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങുകള്‍ കൊല്ലത്തു നടക്കുമ്പോള്‍ പത്തനം തിട്ടയില്‍ തന്റെ ദുഃഖം ഫേസ് ബുക്കില്‍ പത്മകുമാര്‍ തീര്‍ത്തു. പക്ഷേ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരിക്കണം പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട് ഇപ്പോള്‍