സി.പി.എമ്മിന്‍റെ ദുർഭരണത്തിന് താക്കീതായി ആന്തൂരില്‍ കോണ്‍ഗ്രസിന്‍റെ പദയാത്ര

Jaihind News Bureau
Monday, July 15, 2019

സി.പി.എം ശക്തികേന്ദ്രമായ കണ്ണുരിലെ ആന്തൂർ നഗരസഭയിൽ പുതുചരിത്രം രചിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സതീശൻ പാച്ചേനി നേതൃത്വം നല്‍കിയ പദയാത്ര സമാപിച്ചു. സി.പി.എം അക്രമത്തെ തുടർന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടികളും കാര്യമായ സംഘടനാ പ്രവർത്തനം നടത്താൻ ധൈര്യപ്പെടാത്ത ആന്തൂരിൽ 25 വർഷങ്ങൾക്കിപ്പുറത്ത് ആദ്യമായാണ് കോൺഗ്രസ് ഒരു പദയാത്ര സംഘടിപ്പിക്കുന്നത്.

ആന്തൂരെന്ന ചെങ്കോട്ടയെ മൂവര്‍ണക്കടലാക്കി സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ നടത്തിയ
പദയാത്ര സംഘടനാപരമായും രാഷ്ട്രീയപരമായും കോൺഗ്രസിന് പ്രവർത്തന രംഗത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. വർഷങ്ങളായി കോൺഗ്രസ് കൊടികൾ കാണാത്ത പ്രദേശങ്ങളിൽ നൂറുകണക്കിന് കൈകളിൽ കോൺഗ്രസിന്‍റെ പതാകയും വഹിച്ചുള്ള പദയാത്രാ പ്രയാണം ഗ്രാമവാസികളിൽ പുതിയ അനുഭവമായി മാറി.

ആന്തൂർ നഗരസഭാ അധികൃതരുടെ പീഡനം നിമിത്തം പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സാജന്‍റെ മരണത്തിന് കാരണക്കാരായ നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള നഗരസഭാധികൃതരെ സംരക്ഷിക്കുന്ന സി.പി.എമ്മിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും ജനാധിപത്യവിരുദ്ധ നടപടികൾ ജനസമക്ഷം തുറന്ന് കാണിക്കാനും, ആന്തൂർ നഗരസഭയുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുന്നതിനും വേണ്ടിയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആന്തൂർ നഗരസഭയിൽ പദയാത്ര സംഘടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബക്കളത്ത് ഉദ്ഘാടനം ചെയ്ത പദയാത്രയിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അണിനിരന്നത്. ആന്തൂരിൽ 25 വർഷങ്ങൾക്ക് മുൻപ് വി ദാസൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്ന കാലഘട്ടത്തിലാണ് കോൺഗ്രസ് ഇതുപോലെ ആന്തൂർ പഞ്ചായത്തിൽ പദയാത്ര നടത്തിയിരുന്നത്. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് പദയാത്രയിലൂടെ പ്രതിപക്ഷമില്ലാത്ത നഗരസഭയിലെ പ്രതിപക്ഷശബ്ദമാണ് ശക്തമായി മുഴങ്ങികേട്ടത്.

ആന്തൂർ നഗരസഭാ അധ്യക്ഷയെയും ഭരണ സമിതിയെയും ശക്തമായ ഭാഷയിൽ വിമർശിച്ച് കടന്നുപോയ പദയാത്രയെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞ കാലങ്ങളിൽ നിന്ന് വിഭിന്നമായി വഴിയരികിലെ വീടുകളിൽ നിന്ന് പൊതുജനങ്ങൾ കടന്നുവന്നു എന്നുള്ളത് ജാഥയുടെ പൊതു സ്വീകാര്യതയാണ് കാണിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരൻ എം.പിയും പദയാത്രയ്ക്ക് എത്തിയ പ്രവർത്തകരിൽ ആവേശം വിതറി. ചെങ്കൊടി മാത്രം ഉയർന്ന ആന്തൂരിൽ കോൺഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും പാർട്ടി പതാകകൾ ഉയർത്തിയാണ് പദയാത്രയ്ക്ക് എത്തിയവർ മടങ്ങിയത്. ആന്തൂർ നഗരസഭയുടെ മുഴുവൻ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്രയെ തുടർന്ന് ഐക്യജനാധിപത്യ മുന്നണിക്കും കോൺഗ്രസിനുംപുതിയ ഉണർവും ഉന്മേഷവുമാണ് ലഭിച്ചത്.