ജോയ്സ് ജോര്‍ജ് പദവി ദുരുപയോഗം ചെയ്യുന്നു: പി.ടി തോമസ് എം.എല്‍.എ

Thursday, January 17, 2019

തമിഴ് പട്ടികജാതിക്കാരുടെ കയ്യിൽ നിന്നും തട്ടിയെടുത്ത ഭൂമി സംരക്ഷിക്കുന്നതിന് ജോയ്സ് ജോര്‍ജ്‌ എം.പി പദവി ദുരുപയോഗം ചെയ്യുകയാണെന്ന് പി.ടി തോമസ് എം.എല്‍.എ. കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ സംഭവത്തില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്ന്‌ പി.ടി തോമസ്‌ എം.എല്‍.എ തൊടുപുഴയിൽ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട്‌ രണ്ട് കളക്ടർമാരും മൂന്ന് സബ് കളക്ടർമാരും നോട്ടീസ്‌ നല്‍കിയിട്ടും ഹാജരാകാതെ ഒളിച്ചു കളിക്കുന്നതില്‍ ദുരൂഹതയുണ്ട്‌. അഞ്ച് പ്രാവശ്യം നോട്ടീസ്‌ നല്‍കിയിട്ടും ഹാജരാകാതിരിക്കുന്നത്‌ പിടിക്കപ്പെടുമെന്ന ഭയം മൂലമാണെന്ന് വ്യക്തമാണെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി.

2017 നവംബര്‍ ഏഴിന് സബ്‌കളക്‌ടര്‍ പ്രേംകുമാര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്‌ നല്‍കിയെങ്കിലും തയാറാകാതെ ജോയ്സ് ജോര്‍ജ് കളക്‌ടര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു. പിന്നീട് 2017 നവംബര്‍ 9 ന്‌ ഇടുക്കി എം.പിയുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയുടെ പട്ടയം ദേവികുളം സബ്‌കളക്‌ടര്‍ റദ്ദാക്കി. ഇതിനെതിരെ അന്നത്തെ ജില്ലാകളക്‌ടര്‍ ജി.ആര്‍ ഗോകുലിന്‌ എം.പി നൽകിയ അപ്പീല്‍ ഏഴു മാസത്തോളം പൂഴ്‌ത്തിവെച്ച ശേഷം സ്ഥലം മാറുന്നതിന്‌ തൊട്ടുമുമ്പ്‌ ദേവികുളം സബ്‌കളക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചോദിച്ച്‌ തിരിച്ചയക്കുകയാണ് ചെയ്തത്.

വീണ്ടും സബ്‌ കളക്‌ടര്‍ നോട്ടീസ്‌ നൽകാൻ തീയതി നിശ്ചയിച്ചപ്പോള്‍ ലാന്‍ഡ്‌ റവന്യു കമ്മീഷണര്‍ക്ക്‌ അപ്പീല്‍ നല്‍കി. അപ്പീലിന്‍റെ പേരു പറഞ്ഞ്‌ ഹാജരാകാതിരിക്കാൻ നീക്കം തുടങ്ങിയതോടെ സബ്‌കളക്‌ടര്‍ വീണ്ടും നോട്ടീസ്‌ നല്‍കി. ഇതോടെ ലാന്‍ഡ്‌ റവന്യൂ കമ്മീഷണറുടെ തീര്‍പ്പ്‌ വരുന്നതുവരെ ഹാജരാകാതിരിക്കുന്നതിന്‌ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. സ്റ്റേ കിട്ടിയതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 23ന്‌ ആറാഴ്ചക്കകം ദേവികുളം സബ്‌കളക്‌ടറുടെ മുന്നില്‍ ഹാജരാകാന്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടു. ഇതനുസരിച്ച്‌ ഇപ്പോഴത്തെ സബ്‌കളക്‌ടര്‍ രേണു രാജ്‌ എം.പിക്ക്‌ നോട്ടീസ്‌ നല്‍കി. 2019 ജനുവരി 10 ന്‌ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാൽ ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണ് ജോയ്സ് ജോര്‍ജ് ചെയ്തത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ കേസ്‌ നീട്ടിക്കൊണ്ടു പോയി ജനങ്ങളെ കബളിപ്പിക്കാനാണ് എം.പിയുടെ നീക്കമെന്ന് പി.ടി തോമസ് എം.എല്‍.എ ആരോപിച്ചു.

ഒരു രേഖയുടെയും പിന്‍ബലമില്ലാതെ ഇത്രയും ഭീമമായ തട്ടിപ്പ്‌ സംരക്ഷിച്ച് നിർത്തുന്നത് ജനപ്രതിനിധി എന്ന പദവി ദുരുപയോഗം ചെയ്യലും സമ്മതിദായകരോടുള്ള വെല്ലുവിളിയുമാണെന്നും പി.ടി തോമസ് പറഞ്ഞു. പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും സ്വാധീനിച്ച്‌ ഭൂമി നിലനിർത്താനാണ് ജോയ്സ് ജോര്‍ജ് എം.പി ശ്രമിക്കുന്നത്‌. രേഖകള്‍ പരിശോധിക്കാതെ തെറ്റായ റിപ്പോര്‍ട്ട്‌ നല്‍കിയ ജില്ലാ പോലീസ്‌ മേധാവിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നും പി.ടി തോമസ്‌ ആവശ്യപ്പെട്ടു.