കെ.സി. വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും; കേരളത്തിന്‍റെ ചുമതല ദീപദാസ് മുന്‍ഷിക്ക്, രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്ര

Jaihind Webdesk
Sunday, December 24, 2023

 

ന്യൂഡല്‍ഹി: എഐസിസി ഭാരവാഹികൾക്കുള്ള ചുമതലകൾ പ്രഖ്യാപിച്ചു. കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ്. ദീപാദാസ് മുൻഷിക്കാണ് കേരളത്തിന്‍റെ ചുമതല. ചത്തീസ്ഗഡിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സച്ചിന്‍ പൈലറ്റിനെയും നിയോഗിച്ചു.

സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞു പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചെങ്കിലും ഭാരവാഹികൾക്കുള്ള ചുമതലകൾ തീരുമാനിച്ചിരുന്നില്ല. ഇതാണ് ഇന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മാല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. നിലവിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി ആയ കെ.സി. വേണുഗോപാൽ തന്നെ പുതിയ കമ്മിറ്റിയിലും അതേ പദവിയിൽ തുടരും. പ്രവർത്തക സമിതിയിലെ കേരളത്തിൽ നിന്നുള്ള സ്ഥിരം ക്ഷണിതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ്.

കേരളത്തിന്‍റെ ചുമതല നൽകിയിരിക്കുന്ന ദീപദാസ് മുൻഷി ബംഗാളിൽ നിന്നുള്ള മുൻ ലോക്സഭാ അംഗമാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻദാസ് മുൻഷിയുടെ ഭാര്യയായ ദീപാദാസ് മുൻഷി രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപിന്‍റെയും തെലങ്കാനയുടെയും ചുമതലയും ദീപയ്ക്കാണ്. എഐസിസി മാധ്യമ വിഭാഗം മേധാവിയായി ജയ്റാം രമേശ് തന്നെ തുടരും. എഐസിസി അഡ്മിനിസ്ട്രേഷൻ ചുമതല ഗുരുദീപ് സിംഗ് സാപ്പലിനാണ്. മുകുൾ വാസ്നിക്കിന് ഗുജറാത്തിന്‍റെ ചുമതല നൽകി. അസം, മധ്യപ്രദേശ് എന്നീ സംസ്ഥാങ്ങളുടെ ചുമതല ജിതേന്ദ്ര സിംഗിനാണ്. രൺദീപ് സിംഗ് സുർജെവാല കർണാടകത്തിന്‍റെ ചുമതലയിൽ തുടരും. സച്ചിൻ പൈലറ്റിനാണ് ഛത്തീസ്ഗഡിന്‍റെ ചുമതല.

ജി.എ. മിറാണ് ജാര്‍ഖണ്ഡിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. അദ്ദേഹത്തിന് പശ്ചിമ ബംഗാളിന്‍റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. മാണിക്യം ടാഗോർ ആന്ധ്രപ്രദേശിന്‍റെ  ചുമതല വഹിക്കും. ഉത്തർപ്രദേശിന്‍റെ ചുമതല അവിനാഷ് പാണ്ഡെയ്ക്കാണ് ബിഹാർ മോഹൻ പ്രകാശും സുജീന്ദ്രൻ സിംഗ് രാജസ്ഥാനും ദേവേന്ദ്ര യാദവ് പഞ്ചാബിന്‍റെയും ചുമതല വഹിക്കും. ദീപിക ബബ്രിയ ഡൽഹിയുടെയും ഹരിയാനയുടെയും ചുമതലയും ഉത്തരാഖണ്ഡിന്‍റെ ചുമതല കുമാരി സെൽജയ്ക്കമാണ്. ഒഡീഷ, തമിഴ്നാട്, പോണ്ടിച്ചേരിയുടെ ചുമതല ഡോക്ടർ അജോയ് കുമാറിനാണ്. അതേസമയം പ്രകടനപത്രിയടക്കം തയാറാക്കുന്നതിനായി 16 അംഗ സമിതിയെയും പാർട്ടി നിയോജിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തി ജനകീയ അടിത്തറ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.