കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് സംബന്ധിച്ച പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് അവതരാണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി. സർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
പ്രതിപക്ഷത്ത് നിന്നും തിരുവഞ്ചുർ രാധാകൃഷ്ണനാണ് വിഷയം സംബന്ധിച്ച് അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്. തൊഴിൽ നിയമങ്ങൾ എല്ലാം ലംഘിച്ചാണ് എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതെന്ന് അദദേഹം ആരോപിച്ചു. തൊഴിലാളി വിരുദ്ധ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ കുറ്റപെടുത്തി.
നിയമത്തിന്‍റെ പരിധിയിൽ നിന്നുകൊണ്ട് എം പാനൽ ജീവനക്കാരെ സഹായിക്കാൻ കഴിയുന്നതല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ പ്രതിപക്ഷത്തിന്‍റെ ആവശ്യം നിഷേധിച്ചു. തുടർന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ഇറങ്ങി പോക്ക്. എം പാനൽ ജീവനക്കാരുടെ വിഷയം ഹൈക്കോടതിയെ ബോധിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഇറങ്ങി പോകും മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എസ് ആർ.ടി.സി യിൽ കാര്യങ്ങൾ നിയന്തിക്കുന്നത് എംഡിയാണെന്നും മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും മുൻ യുഡിഎഫ് സർക്കാർ 4,000 എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പി.എസ്.സി വഴി നിയമനം നടത്തുകയും ചെയ്തതാണെന്നും എന്നാൽ എൽ.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ ഗുരതരമായ വീഴ്ചയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. എം.പാനൽ ജീവനക്കാരുടെ വിഷയം പരിഹരിക്കുന്നതിൽ ആത്മാർത്ഥമായ ശ്രമം സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവരെ അത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപെടുത്തി