വിദേശത്ത് ജോലി ചെയ്യുന്നവരെ സർക്കാർ പരദേശത്ത് അയക്കുകയാണെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, June 19, 2019

ആന്തൂർ നഗരസഭയിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. സർക്കാരിന് പ്രവാസികളോട് ആത്മാർത്ഥതയില്ലെന്നും വിദേശത്ത് ജോലി ചെയ്യുന്നവരെ സർക്കാർ പരദേശത്ത് അയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. മരണത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംഭവത്തെ നിസാരവത്കരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം പോലും ഉദ്യോഗസ്ഥർ അനുസരിച്ചില്ല. അതേസമയം പ്രവാസിയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിർഭാഗ്യകരമായ സംഭവമാണ് പാർട്ടി ഗ്രാമത്തിൽ ഉണ്ടായത്. സാജന്റേത് സിപിഎം നടത്തിയ കൊലപാതകമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നേരത്തെ, സാജനെ മരണത്തിലേയ്ക്ക് നയിച്ചത് നഗരസഭയുടെ പീഡനമെന്ന് ആരോപിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യയ്ക്ക് കാരണം ഓഡിറ്റോറിയത്തിന് അനുമതി നൽകാത്തതെന്നും അവർ ചൂണ്ടിക്കാട്ടി. കെട്ടിടത്തിന് അനുമതി നൽകില്ലെന്ന വാശിയിലായിരുന്നു നഗരസഭ സ്വീകരിച്ചത്. സിപിഎം നേതാവിന്റെ ഭാര്യയായ നഗരസഭ ചെയർപേഴ്‌സൺ വ്യക്തവൈരാഗ്യം തീർക്കുകയായിരുന്നുവെന്നും മനപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും അന്തരിച്ച സാജന്റെ ബന്ധുക്കൾ ആരോപിച്ചു. അധ്യക്ഷസ്ഥാനത്ത് താൻ തുടരുന്നിടത്തോളം കാലം അനുമതി ലഭ്യമാക്കില്ലെന്ന് ചെയർപേഴ്‌സൺ പറഞ്ഞിരുന്നതായും അവർ ചൂണ്ടിക്കാട്ടി.