പെഗാസസ് : ചർച്ചയ്ക്കില്ലെന്ന് കേന്ദ്രം ; പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭ പിരിഞ്ഞു

Jaihind Webdesk
Friday, August 6, 2021

പെഗാസസ് ചാരവൃത്തി വിഷയം പാർലമെന്‍റില്‍ ചർച്ച ചെയ്യാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി . പാർലമെന്‍റില്‍ സ്വീകരിക്കേണ്ട തുടർ പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നു. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എം.പിമാർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

പെഗാസസ് കേസിൽ സുപ്രിം കോടതി നിരീക്ഷണം കൂടി എത്തിയതോടെ  കേന്ദ്രസർക്കാർ പ്രധിരോധത്തിലാണ്. 13 ദിവസമായി പ്രതിപക്ഷം പാർലമെന്‍റില്‍ നിരന്തരം പ്രക്ഷോഭത്തിലാണ്. പ്രതിഷേധത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി ഡോളസിംഗിന്‍റെ നേതൃത്വത്തിൽ ഇന്നലെ രാജ്യസഭയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പെഗാസസില്‍ സർക്കാർ മറുപടി പറയുന്നത് വരെ ഇരുസഭകളും സ്തംഭിപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.