അഴിമതി, കെടുകാര്യസ്ഥത, ഗുണ്ടാവിളയാട്ടം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, February 25, 2022

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊവിഡ് സമയത്ത് മെഡിക്കൽ കോർപറേഷൻ നടത്തിയ കൊള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സംസ്ഥാനം മുഴുവൻ ഗുണ്ടാ ഇടനാഴി ആയി മാറുകയാണെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

”അസാധാരണ സാഹചര്യത്തിൽ നടന്ന അസാധാരണ കൊള്ളയാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നടന്നത്. മുഖ്യമന്ത്രി ഈ കൊള്ളയെ ന്യായീകരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ഇപ്പോൾ വ്യക്തമായി. വൈദ്യുതി ബോർഡിലെ അഴിമതിയും പ്രതിപക്ഷം ഉന്നയിച്ചു. മുൻ വൈദ്യുതി മന്ത്രി എം.എം മണിയെ കൊണ്ട് ഇപ്പോഴത്തെ മന്ത്രിയെ വിരട്ടുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി കേട്ടിരിക്കെ വൈദ്യുതി മന്ത്രിക്കും ബോർഡ് ചെയർമാനും എതിരെ അധിക്ഷേപമാണ് എം.എം മണി നടത്തിയത്. ഇതൊക്കെ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്. മലപ്പുറത്ത് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വച്ച് മാനസിക അസ്വാസ്ഥമുള്ള കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരത്ത് പട്ടാപകൽ അരുംകൊല നടന്നു. കേരളത്തിലെ ഗുണ്ടാ സംഘങ്ങൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎം ആണ്. കേരളം ഗുണ്ടാ ഇടനാഴിയായി മാറി. എല്ലാം നിസാരമായി കാണുന്ന മുഖ്യമന്ത്രി പാർട്ടിക്കാർക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്” – വി.ഡി സതീശന്‍ പറഞ്ഞു.

കെഎസ്ഇബിയിയില്‍ സർക്കാരിന്‍റെ കെടുകാര്യസ്ഥത കൊണ്ട് ഉണ്ടായ നഷ്ടം നികത്താൻ വൈദ്യുതി നിരക്ക് കൂട്ടുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപറേഷനിലേയും കെഎസ്ഇബിയിലേയും അഴിമതികളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ബിജെപി കേന്ദ്ര നേതൃത്വവുമായി ധാരണയുണ്ട്. ഈ ധാരണ പ്രകാരമാണ് സ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.