വനിതാ മതിലിന് സര്‍ക്കാര്‍ പണം: ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതില്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുതുക്കി ഇറക്കിയെങ്കിലും മറ്റു വഴികളിലൂടെ സര്‍ക്കാര്‍ പണം ഇതിനായി ചിലവഴിക്കപ്പെടാന്‍ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി.

നേരത്തെ പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ മതിലിന് ഫണ്ട് അനുവദിക്കാന്‍ ധനകാര്യ വകുപ്പിനോട് നിര്‍ദ്ദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുതുക്കി ഇറക്കിയത്. എന്നാല്‍ വനിതാ മതിലിന്റെ പ്രചാരണത്തിന് ആവശ്യമായ വസ്തുക്കള്‍ തയ്യാറാക്കി വിതരണം ചെയ്യാനുള്ള ചുമതല ഇപ്പോഴും വനിതാ ശിശുവികസന വകുപ്പില്‍ നിലനില്‍ക്കുകയാണ് രമേശ് ചെന്നിത്തല പുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് പണം ആവശ്യമാണ്.

അത് സ്വാഭാവികമായും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് തന്നെ എടുക്കേണ്ടി വരും. നിയമസഭ വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പാസ്സാക്കി നല്‍കുന്ന തുക ആ കാര്യത്തിനല്ലാതെ മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. മാത്രമല്ല സര്‍ക്കാര്‍ ഫണ്ട് ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളുടെ പരിപാടിക്ക് ഉപയോഗിക്കുന്നത് ഭരണഘടനയുടെ അനുഛേദം 27 ന്റെ ലംഘനവുമാണ്.

കേശവാനന്ദ ഭാരതി കേസിലും ശിരൂര്‍ മഠം കേസിലും സുപ്രീംകോടതിയും ഇത് അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തിയാണ് മതില്‍ നിര്‍മ്മിക്കുന്നത്. അത് കൊണ്ടു തന്നെ ഇതിനായി സര്‍ക്കാര്‍ പണം ചിലവഴിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്കും സുപ്രീം കോടതി വിധിക്കും എതിരാണ്. അതിനാല്‍ ഉത്തരവ് പൂര്‍ണ്ണമായി തന്നെ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Comments (0)
Add Comment