
മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലവും തീയതിയും അങ്ങേയ്ക്ക് തന്നെ തീരുമാനിക്കാമെന്നും നിര്‍ദ്ദേശം ഏറ്റെടുക്കുമെന്ന് കരുതുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല ശാസ്താവിന്റെ ശ്രീകോവിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്ത് വരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുകയാണ്. ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്ത് പിടിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്ന അങ്ങയുടെയും അങ്ങയുടെ പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമെന്ന് സമ്മതിക്കാതെ തരമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
എം.എല്‍.എയ്‌ക്കെതിരായ പീഡന പരമ്പരയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. അങ്ങയുടെ ആദ്യ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കാട്ടിയ വിക്രിയകള്‍ മറന്നതോ മറന്നെന്നു നടിക്കുന്നതോ? ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആ രണ്ടു പേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാര്‍ട്ടി എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും അദ്ദേഹം ചോദിച്ചു.
അപ്പോള്‍ ഒരു ഡസണില്‍ അധികം ലൈംഗിക ആരോപണ വിധേയരെയും ക്രിമിനലുകളെയും ചേര്‍ത്ത് പിടിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് മാതൃകാപരമായ നടപടി സ്വീകരിച്ച കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിയും നിങ്ങളുടെ പാര്‍ട്ടിയും തന്നെയാണ് പ്രതിരോധത്തില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈഫ് മിഷന്‍
കേരളത്തില്‍ ലൈഫ് പദ്ധതി വന്നതിനു ശേഷമാണ് പാവങ്ങള്‍ക്ക് വീട് വച്ചു നല്‍കിയതെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4.5 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ദിര ആവാസ് യോജന, മത്സ്യ തൊഴിലാളികള്‍, എസ്.സി എസ്.ടി എന്നിവര്‍ക്ക് അടക്കമുള്ള വിവധ പദ്ധതികളിലൂടെയാണ് ഇത് നടപ്പിലാക്കിയത്. ഇതെല്ലാം സംയോജിപ്പിച്ചു കൊണ്ട് അങ്ങയുടെ സര്‍ക്കാര്‍ ലൈഫ് എന്ന പേര് നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നു മാത്രം. എന്നിട്ടും ഒന്‍പതര വര്‍ഷം കൊണ്ട് എത്ര വീടുകളാണ് നല്‍കിയത്? യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 5 വര്‍ഷം കൊണ്ട് അര്‍ഹരായ 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വീട് നല്‍കുമെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിരികുന്നത്. യു.ഡി.എഫ് വന്നാല്‍ ആര്‍ക്കും വീട് നല്‍കില്ലെന്ന് എം.എം ഹസന്‍ എവിടെയാണ് പറഞ്ഞത്? സി.പി.എം സൈബര്‍ കടന്നലുകള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കും വേണ്ടി എ.കെ.ജി സെന്ററില്‍ നിന്നും പടച്ചു വിടുന്ന ആടിനെ പട്ടിയാക്കുന്ന ഈ ക്യാപ്‌സ്യൂള്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് അങ്ങ് വിതരണം ചെയ്യരുത്. ഇതൊക്കെ നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറി വിതരണം ചെയ്യുന്നതല്ലേ നല്ലത്.
വിഴിഞ്ഞം തുറമുഖം
4000 കോടി രൂപയുടെ പദ്ധതിക്ക് പിന്നില്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടെന്ന് ആരോപിച്ച അന്നത്തെ പാര്‍ട്ടി സെക്രട്ടറി തന്നെയല്ലേ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി! പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതും നിങ്ങളല്ലേ? അന്ന് നിങ്ങളുടെ ഭീഷണി അവഗണിച്ച് പദ്ധതിയുമായി ഉമ്മന്‍ ചാണ്ടി മുന്നോട്ട് പോയില്ലായിരുന്നെങ്കില്‍ വിഴിഞ്ഞം തുറമുഖം ഇന്ന് യാഥാര്‍ത്ഥ്യമാകുമായിരുന്നോ? ഇതൊക്കെ ചെയ്ത പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് വിഴിഞ്ഞത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ കേരളം ഒന്നടങ്കം ചിരിച്ചു പോകും. ലീഡര്‍ കെ. കരുണകാരനും യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം.വി രാഘവനും തുടക്കമിട്ട പദ്ധതിക്ക് വേണ്ടി എല്ലാം ചെയ്തത് ഉമ്മന്‍ ചാണ്ടിയെന്ന കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ക്രെഡിറ്റ് അടിക്കുക മാത്രമാണ് കേരളത്തിന്റെ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്.
ക്ഷേമ പെന്‍ഷന്‍
കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍.ശങ്കറാണ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ആരംഭിച്ചത്. രാജ്യത്ത് ഉടനീളെ ഇത് നടപ്പിലാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഒരു കാലത്തും ക്ഷേമ പെന്‍ഷനെയോ ക്ഷേമ പ്രവര്‍ത്തനങ്ങളെയോ തെരഞ്ഞെടുപ്പിന്റെ പി.ആര്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടില്ല. പാവപ്പെട്ട ജനങ്ങള്‍ മരുന്ന് വാങ്ങാനാണ് ഈ പണം ഉപയോഗിക്കുന്നത്. നിങ്ങള്‍ ആറു മാസം വരെ പെന്‍ഷന്‍ കുടിശിക വരുത്തിയില്ലേ? പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമാണെന്നും അവകാശമല്ലെന്നും പറഞ്ഞ് അധിക്ഷേപിച്ചതും നിങ്ങളുടെ സര്‍ക്കാരല്ലേ? ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എത്ര പേര്‍ ആത്മഹത്യ ചെയ്തു? ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ സമൂഹ്യ പെന്‍ഷന്‍ നിഷേധിച്ച് ജനങ്ങളെ കബളിപ്പിച്ചതും നിങ്ങളുടെ കാലത്തല്ലേ? 6 മാസത്തോളം പെന്‍ഷന്‍ മുടക്കിയിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ടു മാസത്തെ പണം ഒരുമിച്ചു നല്‍കി ജനങ്ങളെ പറ്റിക്കുന്നതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 2021 ല്‍ അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ 2500 ആക്കുമെന്ന് പറഞ്ഞവര്‍ നാലര വര്‍ഷം ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 400 രൂപ വര്‍ധിപ്പിച്ചു. ഇതാണോ നിങ്ങളുടെ വാക്ക് പാലിക്കല്‍?
കിഫ്ബി
ബജറ്റ് വഴി പദ്ധതി അടങ്കലിന്റെ ഭാഗമായി നടത്തികൊണ്ടിരുന്ന പദ്ധതികള്‍ മാത്രമാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചില്ല. 2024-25 ല്‍ പദ്ധതി 50 ശതമാനം വെട്ടി കുറച്ചു. പദ്ധതിയില്‍ കുറവ് വരുത്തിയതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കിഫ്ബി നടപ്പിലാക്കിയത്. കിഫ്ബി കടമെടുത്ത പണം കേരളം തന്നെയല്ലേ വീട്ടേണ്ടത്?
കിഫ്ബി വഴി അംഗീകാരം നല്‍കിയ പദ്ധതികളില്‍ 20% പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഉയര്‍ന്ന പലിശയ്ക്ക് കടം വാങ്ങാനുള്ള മറ്റൊരു മാര്‍ഗ്ഗം മാത്രമാണ് കിഫ്ബി. മസാല ബോണ്ടില്‍ 2150 കോടി കടമെടുത്ത് അഞ്ചു വര്‍ഷം കൊണ്ട് 3195 കോടി തിരിച്ചടച്ച ധനകാര്യ മിസ് മാനേജ്മെന്റിന്റെ പേരാണ് കിഫ്ബി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊച്ചി മെട്രോ, വിഴിഞ്ഞം, കണ്ണൂര്‍ എയര്‍പോര്‍ട്ട് അടക്കമുള്ള വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കത്തതും കാര്യക്ഷമവുമായ സാമ്പത്തിക മോഡല്‍ വഴിയുമാണ് നടപ്പിലാക്കിയത്. അത് നിലനില്‍ക്കെ എന്തിനാണ് അങ്ങ് ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ പോയി മണിയടിച്ച് സ്വയം ഇളിഭ്യനായത്? അതൊക്കെ കേരളം മറക്കുമെന്നാണോ കരുതുന്നത്?
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി
4.5 ലക്ഷം പരമ ദരിദ്രര്‍ ഉണ്ടെന്ന് മാനിഫെസ്റ്റോയില്‍ പറയുകയും അതി ദാരിദ്രരായ 5.91 മഞ്ഞ കാര്‍ഡ് ഉടമകള്‍ ഉണ്ടെന്ന് നിയമസഭയില്‍ ഉത്തരം നല്‍കുകയും ചെയ്തവരാണ് അതിദാരിദ്ര്യമുള്ള 64000 പേര്‍ മാത്രമെ സംസ്ഥാനത്ത് ഉള്ളൂവെന്ന് പറയുന്നത്. ഇതെന്തു മായാജാലമാണ്! എന്ത് പഠനമാണ് നിങ്ങള്‍ നടത്തിയത്? അതിദാരിദ്ര്യ മുക്തമെന്ന പ്രഖ്യാപനത്തിലൂടെ പാവങ്ങളെ വഞ്ചിക്കുകയല്ലേ അങ്ങയുടെ സര്‍ക്കാര്‍ ചെയ്യുന്നത്? ഇടത് സഹയാത്രികരായ വിദഗ്ധര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇനിയെങ്കിലും മറുപടി നല്‍കാന്‍ അങ്ങ് തയാറാകുമോ? യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ മഞ്ഞ കാര്‍ഡ് ഉടമകളെയും അതി ദാരിദ്ര്യ മുക്തമാക്കാന്‍ ആശ്രയ പദ്ധതി പുനരാരംഭിക്കും.
ചൂരല്‍മല-മുണ്ടക്കൈ
വയനാട് ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴല്ലേ സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അനുവദിക്കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അവസാന നിമിഷം കാലുമാറിയത് നിങ്ങള്‍ തന്നെയല്ലേ? ഒരു വര്‍ഷമെടുത്താണ് വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയത്. സ്ഥലം അനുവദിക്കില്ലെന്നു സര്‍ക്കാര്‍ പറഞ്ഞ ശേഷമാണ് അത് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമം തുടങ്ങിയത്. സ്വന്തമായി സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാന്‍ തുടക്കത്തിലെ തീരുമാനിച്ച മുസ്ലീലീഗ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വീട് നിര്‍മ്മാണത്തിനായി ഞങ്ങള്‍ മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിയമ പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീടുകളുടെ പണം സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുണ്ടല്ലോ. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം വേറെയും. അപ്പോള്‍ പിന്നെ വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് എത്തിയ 773 കോടിയില്‍ എത്ര രൂപയാണ് ഇതുവരെ ചെലവഴിച്ചത്? വീട്ടുവാടകയോ ചികിത്സാ സഹായമോ നല്‍കാന്‍ നിങ്ങള്‍ തയാറായില്ലല്ലോ. പഠനം മുടങ്ങിയ കുട്ടികളെയെങ്കിലും സഹായിക്കാന്‍ നിങ്ങള്‍ തയാറായോ? ഏതായാലും കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് സി.പി.എം പ്രഖ്യാപിച്ച വീടുകള്‍ പോലെയാകില്ല കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
ഒന്‍പതര വര്‍ഷം കൊണ്ട് കേരളത്തിന്റെ സമസ്ത മേഖലകളെയും തകര്‍ത്ത് തരിപ്പണമാക്കി കടക്കെണിയിലാക്കിയ നിങ്ങളെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. പി.ആര്‍ വര്‍ക്ക് കൊണ്ടൊന്നും അത് മറച്ചു വയ്ക്കാനാകില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് നിങ്ങള്‍ കല്യാണ വീട്ടിലെ പോക്കറ്റടിക്കാരായതും കേരളം മറന്നിട്ടില്ല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന വിരുദ്ധരായ പിണറായി ഭരണകൂടം വികസനത്തെ കുറിച്ച് കോണ്‍ഗ്രസിനും യു.ഡി.എഫിനും ക്ലാസെടുക്കേണ്ടതില്ല. ഈ പി.ആര്‍ പരിപാടികള്‍ കൊണ്ടൊന്നും നിങ്ങളുടെ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും ശബരിമലയിലെ സ്വര്‍ണക്കൊള്ളയും ജനം മറക്കുമെന്നു കരുതേണ്ട. ബി.ജെ.പിയെ പോലെ വര്‍ഗീയ വിഷം വമിപ്പിക്കുന്ന, സംഘപരിവാറിന്റെ തൂവല്‍പക്ഷികളായ നിങ്ങളുടെ ഭരണത്തെ കേരള ജനത തൂത്തെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം വിമര്‍ശിച്ചു.