ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്;കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്ന് വി.ഡി.സതീശന്‍

Jaihind News Bureau
Wednesday, March 26, 2025

വര്‍ണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദ ഈ വിവരം അറിയിച്ചത്. നിറത്തിന്റെ പേരില്‍ താന്‍ വിമര്‍ശനം നേരിട്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. തന്‍റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്‍റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാള്‍ മോശമായ പരാമര്‍ശം നടത്തിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. കറുപ്പ് എന്ന നിറത്തിനെ എന്തിനാണ് മോശമായി കാണുന്നതെന്നും അത്രയും മനോഹരമായ നിറമാണെന്നുമാണ് ശാരദ വിവാദ പരാമര്‍ശത്തിന് മറുപടിയായി പോസ്റ്റില്‍ പറയുന്നത്. എന്തായാലും ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ കത്തിക്കയറുകയാണ്. വിഷയത്തില്‍ വ്യാപക പിന്തുണയും ശാരദ മുരളീധരന് ലഭിക്കുന്നുണ്ട്.

പോസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത് വന്നിരുന്നു. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു. എന്നാണ് പ്രതിപക്ഷ നേതാവ് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ചീഫ് സെക്രട്ടറിക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണെന്നും പുരോഗമന വാദികളെന്ന് നമ്മള്‍ മേനി നടിക്കുകയാണെന്നും വി.ഡി.സതീശന്‍ വിഷയത്തില്‍ അഭിപ്രായപ്പെട്ടു.

തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ആദ്യം ഒരു പോസ്റ്റ് ഇട്ടെങ്കിലും വിവാദമാക്കേണ്ട എന്ന് കരുതി പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണെന്ന് ചിലര്‍ തന്നോട് പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് ശാരദ പോസ്റ്റില്‍ പറയുന്നു.