‘സർക്കാർ യുവാക്കളെ കബളിപ്പിക്കുന്നു’; പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കാലാവധി പൂർത്തിയാകുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ സമയ പരിധി ആറ് മാസം കൂടി നീട്ടണമന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റുകൾ റദ്ദാക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. തെരഞ്ഞടുപ്പിന് മുമ്പ് ഉദ്യോഗാർത്ഥികളുമായി ഉണ്ടാക്കിയ ധാരണ സർക്കാർ പാലിക്കണം. ഇക്കാര്യത്തിൽ നിയമപരമായോ സാങ്കേതികമായി ഒരു തടസവും സർക്കാരിന്‍റെ മുന്നിൽ ഇല്ല. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാതിരിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. സർക്കാർ യുവാക്കളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി തുടങ്ങിയവയ്ക്ക് പുതിയ റാങ്ക് പട്ടിക പോലുമില്ല. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തയാറാകണം. കാലാവധി നീട്ടുന്നതിന് എന്താണ് തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. താല്‍ക്കാലികക്കാരെ തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആപരോപിച്ചു.

ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Comments (0)
Add Comment