ടാറില്ലാതെയും റോഡ് നിർമ്മാണം; മന്ത്രിയുടെ ‘മഴ വാദം’ പൊളിച്ച് വിജിലന്‍സ് പരിശോധനാ ഫലം

Jaihind Webdesk
Saturday, September 17, 2022

 

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ദയനീയമായ അവസ്ഥയില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ വാദം പൊളിച്ച് വിജിലന്‍സ് പരിശോധനാഫലം. സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ ‘ഓപ്പറേഷൻ സരള്‍ രാസ്ത–3’ എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയുടെ ‘പാറ്റേണ്‍’ മാറിയതാണ് സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി  കഴിഞ്ഞദിവസം പറഞ്ഞത്.

പരിശോധിച്ച 148 റോഡുകളില്‍ 19 എണ്ണത്തിലും വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്ന്  പരിശോധനയില്‍ കണ്ടെത്തി. ആറു മാസത്തിനിടെ ‌ടാര്‍ ചെയ്ത 67 റോഡുകളിലും കുഴികള്‍ കണ്ടെത്തി. പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പൂർത്തീകരിച്ച /അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളിലായിരുന്നു പരിശോധനയെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്ത് വകുപ്പിന്‍റെ 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റിന്‍റെ 9 റോഡുകളുമാണ് പരിശോധിച്ചത്.

പുതിയതായി ടാര്‍ ചെയ്ത ഭാഗം കുഴിച്ച് ടാറിന്‍റെ സാമ്പിള്‍ ശേഖരിക്കുകയും ശേഷം ഫയലില്‍ പറഞ്ഞിരിക്കുന്ന അളവിലാണോ ടാര്‍ ചെയ്തിരിക്കുന്നതെന്നുമാണ് പരിശോധന. വിജിലൻസ് നടത്തിയ പരിശോധനയിൽ 148 റോഡുകളിൽ 67 റോഡുകളിലും കുഴികള്‍ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നും റോഡ് റോളര്‍ ഉപയോഗിക്കാതെ റോഡ് നിര്‍മ്മിച്ചുവെന്നും കണ്ടെത്തി. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണ് ശരിയായ രീതിയില്‍ ടാറിംഗ് നടക്കാതെ റോഡുകളിൽ നിര്‍മിച്ച ഉടന്‍ തന്നെ കുഴികള്‍ രൂപപ്പെടാന്‍ കാരണമെന്നാന്ന് വിലയിരുത്തല്‍.

തിരുവനന്തപുരത്ത് 40, കൊല്ലത്ത് 27, കണ്ണൂർ 23, കോട്ടയം, എറണാകുളം, കാസർഗോഡ് ജില്ലകളിൽ 6 വീതം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ 5 വീതം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ 4 വീതം, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ 3 വീതവും റോഡുകളാണ് പരിശോധിച്ചത്. ലാബ് പരിശോധനയിലൂടെ റോഡ് നിർമാണത്തിനായി ഉപയോഗിച്ച ടാർ, മെറ്റൽ, സാൻഡ്, ചിപ്സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തും. റോഡ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചാല്‍ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട്കൊണ്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.