യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പം: ശബരിമല വിഷയം പ്രധാനമന്ത്രി ആളിക്കത്തിക്കാന്‍ ശ്രമിച്ചു; ഉമ്മന്‍ചാണ്ടി

Jaihind Webdesk
Wednesday, January 16, 2019

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കൊല്ലത്ത് നടത്തിയ പ്രസംഗത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമല സംബന്ധിച്ച് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. അദ്ദേഹത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചത് ശബരിമലയില്‍ ആ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിനുള്ള എന്തെങ്കിലും തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു. അദ്ദേഹം അത് ചെയ്തില്ല എന്നുമാത്രമല്ല വിഭാഗീയത ആളിക്കത്തിക്കാന്‍ സഹായിക്കുന്നതരത്തില്‍ അതിരൂക്ഷമായിട്ടുള്ള നിലപാടാണ് എടുത്തത് – ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇതുപോലൊരു പ്രശ്‌നത്തില്‍ വിഭാഗീയത വളര്‍ത്തുന്ന തരത്തില്‍ നിലപാട് എടുത്തിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹം വിശ്വസിക്കുന്നുവെങ്കില്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുന്ന വ്യക്തി പ്രധാനമന്ത്രിയാണ്. നിയമനിര്‍മ്മാണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ നിലപാട് പത്തനംതിട്ടയിലും പാര്‍ലമെന്റിലും രണ്ടാണെന്ന് പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് ഒന്നാണ്. ശബരിമല സംബന്ധിച്ച് വളരെ വ്യക്തമായിട്ടുള്ള നിലപാടാണ് കോണ്‍ഗ്രസിന് എന്നുമുള്ളത്. വിശ്വാസികള്‍ക്ക് സ്വീകാര്യമായ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള സത്യവാങ്മൂലമാണ് യു.ഡി.എഫ് കൊടുത്തത്. യു.ഡി.എഫിന്റെ നിലപാട് സുപ്രീംകോടതി വിധി വന്നതിനുശേഷമുള്ളതല്ല. യു.ഡി.എഫിന്റെ നിലപാട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊടുത്ത സത്യവാങ്മൂലത്തില്‍ എടുത്ത നിലപാട് തന്നെയാണ്. പത്തനംതിട്ടയിലും അതാണ് പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റിലും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. ആ നിലപാടിന് യു.ഡി.എഫിന്റെ അംഗീകാരമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അംഗീകാരമുണ്ട്. പക്ഷേ, ഒരു അടിസ്ഥാനവുമില്ലാതെ കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹം പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് നടപ്പാക്കാനും തയ്യാറാകണം. ശബരിമല സംബന്ധിച്ച് യു.ഡി.എഫിന്റെ നിലപാട് വ്യക്തമാണ്. അത് ശരിയാണെന്ന് ജനങ്ങള്‍ക്ക് അനുദിനം ബോധ്യപ്പെട്ടുവരികയാണ്.
യു.ഡി.എഫ് വിശ്വസികള്‍ക്കൊപ്പം, ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതു തന്നെയാണ് യുഡി.എഫ് നയം. ശബരിമലയെ ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നാണ് യു.ഡി.എഫ് നിലപാട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സത്യവാങ്മൂലം മാറ്റി വിശ്വാസികള്‍ക്ക് സ്വീകാര്യമായ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന സത്യവാങ്മൂലം കൊടുത്തത്. ആരെങ്കിലും പുറത്തറിഞ്ഞോ? മാധ്യമങ്ങള്‍ അറിഞ്ഞോ? മന്ത്രിമാരും അചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവരും മാത്രമായി ചര്‍ച്ച ചെയ്തു. തെരഞ്ഞെുപ്പില്‍ പോലും യു.ഡി.എഫ് ഇതുപയോഗിച്ചില്ല. ശബരിമല രാഷ്ട്രീയം കളിക്കാനുള്ളതല്ല. എന്ന വ്യക്തമായ കാഴ്ച്ചപ്പാടാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ളത്.
ശബരിമലയെ ഒരു കലാപകേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കില്ല. ശബരിമലയുടെ പരിപാവനത എന്നും കാത്തുസൂക്ഷിക്കണം. ഇതാണ് യു.ഡി.എഫിന്റെ വ്യക്തമായുള്ള സമീപനം. അവിടെ ഞങ്ങള്‍ക്ക് ചാഞ്ചാട്ടമില്ല. ഓരോ സ്ഥലത്തുചെല്ലുമ്പോഴും മാറിമാറി അഭിപ്രായം പറയത്തില്ല. വ്യക്തതയോടുകൂടിയിട്ടുള്ള സമീപനമാണ് ഇക്കാര്യത്തിലുള്ളത്. പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത് അദ്ദേഹം ഇവിടെ വരുമ്പോള്‍ ഒരു സമന്വയം ഉണ്ടാക്കാനുള്ള നിലപാട് സ്വീകരിക്കേണ്ടിയിരുന്നു. എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തി മടങ്ങുകയാണ് ചെയ്തത്. ഈ പ്രശ്‌നം ഇത്രയും രൂക്ഷമാക്കുന്നതില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വഹിച്ച പങ്ക് ചെറുതൊന്നുമല്ല. അത് സത്യവാങ്മൂലം മാറ്റിക്കൊടുത്ത് പാര്‍ട്ടിയുടെ അജണ്ട നടപ്പിലാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇത് രൂക്ഷമാക്കിയത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്നതിനുള്ള ബാധ്യതയും സംസ്ഥാന സര്‍ക്കാരിനുണ്ട്. സുപ്രീംകോടതി വിധിയുടെ ഉള്ളില്‍ നിന്നുകൊണ്ടുതന്നെ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാമായിരുന്നു – ഉമ്മന്‍ചാണ്ടി ചോദിച്ചു.

റിവ്യു പെറ്റീഷനിലൂടെ പ്രശ്‌നപരിഹാരമാകുമെങ്കില്‍ അത് നടക്കണം. അതിലും പരിഹാരമായില്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തണം. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ എല്ലാകാലത്തും സംരക്ഷിക്കപ്പെടണം എന്നതുതന്നെയാണ് യു.ഡി.എഫിന്റെ നിലപാട് -ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.