സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പോരാട്ട വീര്യം ആവശ്യമുള്ള കാലഘട്ടം : ഉമ്മന്‍ചാണ്ടി

Jaihind News Bureau
Thursday, September 26, 2019

ഭരണാധികാരികള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുകയും അവരുടെ തെറ്റുകളെ കടന്നാക്രമിക്കുകയും ചെയ്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പോരാട്ട വീര്യം ഏറ്റവും ആവശ്യമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്‍റെ 109-ാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് സ്വദേശാഭിമാനി സ്മാരക സമിതി പാളയത്ത് സ്വദേശാഭിമാനി സ്മാരകത്തിന് മുന്നില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് മിക്കവാറും മാധ്യമങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കിയിരിക്കുകയാണ്. പണം കൊടുത്തും ഭീഷണിപ്പെടുത്തിയുമാണ് മാധ്യമങ്ങളെ വരിഞ്ഞ് മുറുക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരേ വസ്തുതകള്‍ പുറത്ത് കൊണ്ടു വന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ജയിലിലാണ്. രാജ്യം ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പല മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നില്ല. ഉത്കണ്ഠാജനകമായ രാജ്യത്തിന്‍റെ ഈ അവസ്ഥയില്‍ സ്വദേശാഭിമാനിയെപ്പോലുള്ള പത്രപ്രവര്‍ത്തകരെയാണ് വോണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറിയും സ്വദേശാഭിമാനി സ്മാരക സമിതി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ്, എം.ആര്‍.തമ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.