സംസ്ഥാനത്ത് നഴ്‌സിങ് സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

Jaihind News Bureau
Thursday, August 13, 2020

 

തിരുവനന്തപുരം: നഴ്‌സിംഗ് ബിരുദപഠനത്തിന് നിലവിലുള്ള സീറ്റിന്‍റെ പതിനൊന്നു മടങ്ങ് അപേക്ഷകള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ 20 ശതമാനം നഴ്‌സിംഗ് സീറ്റ് കൂട്ടണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കി.

നഴ്സിംഗ് ബിരുദപഠനത്തിന് ഇത്തവണ എഴുപതിനായിരത്തിലേറെ കുട്ടികളാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ 6,265ല സീറ്റുകള്‍ മാത്രമേയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ നല്ലൊരു ശതമാനം കുട്ടികള്‍ കേരളത്തിനു പുറത്തുപോയി പഠിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരിമൂലം കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കാന്‍ ബുദ്ധിമുട്ടാണ്.

ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് ഇത്തവണ 20 ശതമാനം സീറ്റ് കൂട്ടിയ മാതൃകയില്‍ നഴ്സിംഗ് സീറ്റുകളുടെ എണ്ണവും സര്‍ക്കാരിനു കൂട്ടാവുന്നതേയുള്ളു. ഇതിന് പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് അറിയുന്നു. 127 സ്വാശ്രയ കോളജുകളും 6 സര്‍ക്കാര്‍ കോളജുകളുമാണ് കേരളത്തിലുള്ളത്. സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാരിനാണ്.

കേരളത്തെ വലിയ തോതില്‍ ശാക്തീകരിച്ച തൊഴില്‍മേഖലയാണ് നഴ്സിംഗ്. വിദേശത്ത് മലയാളി നഴ്മാര്‍ക്കു നല്ല ഡിമാന്‍ഡുമുണ്ട്. ലക്ഷക്കണക്കിന് മലയാളി കുട്ടികളും അവരുടെ കുടുംബങ്ങളും നഴ്സിംഗ് ജോലിയിലൂടെ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി കടന്നുചെല്ലാവുന്ന തൊഴില്‍്മേഖല കൂടിയാണിതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.