ആദ്യം കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കൂ; എന്നിട്ടാകാം ഓണ്‍ലൈന്‍ ടാക്‌സി

Jaihind Webdesk
Sunday, February 10, 2019

തിരുവനന്തപുരം: ഊബര്‍, ഓല തുടങ്ങിയ ആഗോള ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ മാതൃകയില്‍ സംസ്ഥാന സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാക്സി സേവനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികം ആണെന്നാണ് വിദഗ്ധര്‍ ഉന്നയിക്കുന്ന സംശയം. ഇതിന് മുമ്പ് രണ്ടുതവണ കേരളത്തില്‍ മൊബൈല്‍ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാവുന്ന ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ഒരുക്കം നടത്തിയിരുന്നു. എന്നാല്‍ ഇതുരണ്ടും പ്രാവര്‍ത്തികമായിട്ടില്ല. കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) ഒരുവര്‍ഷം മുമ്പ് ഓണ്‍ലൈന്‍ ടാക്‌സി പ്രഖ്യാപനം നടത്തിയിരുന്നു. ഒരുവര്‍ഷമായിട്ടും പ്രഖ്യാപനത്തിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. അതുപോലെ വൈറ്റില ടാക്‌സി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സി.പി.എമ്മിന്റെ സഹകരണത്തോടെ തുടങ്ങാന്‍ ഉദ്ദേശിച്ച ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായിരുന്നു രണ്ടാമത്തേത്… 100 ഡ്രൈവര്‍മാരുടെ സേവനത്തോടെ 2016 ല്‍ തുടങ്ങുകയും എറണാകുളം മുഴുവന്‍ വ്യാപിപ്പിച്ച് 3000 ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നൊക്കെയായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതൊക്കെ തുടക്കത്തിലേ ഇരുളടയുന്ന പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങി.

ആഗോള കുത്തകകളായ ഊബര്‍, ഓല പോലുള്ള കമ്പനികളുമായി ഏറ്റുമുട്ടാന്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമാണോ എന്ന കാര്യത്തില്‍ സംശയമാണ്. ലോക വിപണിയിലെ ഒരു മാര്‍ക്കറ്റ് മാത്രമാണ് അത്തരം കമ്പനികള്‍ക്ക് കേരളം എന്നത്. എന്നാല്‍ കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിയെപ്പോലും നഷ്ടമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ആകാത്ത സര്‍ക്കാരിന് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം വിജയിപ്പിക്കാന്‍ ആകുമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ്. ഖജനാവിലെ പണം പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പദ്ധതിയിലേക്ക് മുടക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ആവശ്യത്തിനുള്ള തയ്യാറെടുപ്പുകളോ ഏകോപനമോ ഇല്ലാതെയാണ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിനായുള്ള സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി വരുന്നതോടെ കൊച്ചി മെട്രോയും പ്രൈവറ്റ് ബസ് സര്‍വ്വീസുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയും ഈ വിഭാഗത്തിലുള്ളവര്‍ക്കുണ്ട്. ഇവരുടെയൊക്കെ ആശങ്ക പരിഹരിക്കേണ്ടത് അത്യവാശ്യമാണ്.