ഓണ്‍ലൈന്‍ പഠനം: അരൂര്‍ മണ്ഡലത്തിലെ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് സഹായവുമായി ഷാനിമോൾ ഉസ്മാൻ എംഎൽഎ; ടെലിവിഷനുകള്‍ ലഭ്യമാക്കി| VIDEO

Jaihind News Bureau
Tuesday, June 9, 2020

അരൂര്‍ നിയോജക മണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള കുട്ടികൾക്ക് ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കി ഷാനിമോൾ ഉസ്മാൻ എംഎൽഎ . മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഓരോ ടെലിവിഷനുകള്‍ വീതം എംഎല്‍എയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ‘ഷാനിമോൾ ഇനീഷ്യേറ്റീവ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഇവയുടെ വിതരണം. വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് തുറവൂർ എ. ഇ. ഒ. ടെലിവിഷനുകള്‍ ഏറ്റുവാങ്ങി. ഡിസിസി പ്രസിഡന്‍റ് എം.ലിജുവും ചടങ്ങില്‍ പങ്കെടുത്തു.

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് അവസരമില്ലാതെ  ദുരിതമനുഭവിക്കുന്ന കുട്ടികളുടെ സങ്കടം മനസ്സിലാക്കിയതിനാലാണ് ടെലിവിഷനുകള്‍ നൽകാൻ തീരുമാനിച്ചതെന്ന് എംഎൽഎ പറഞ്ഞു. നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഇപ്പോൾ ഓരോ ടെലിവിഷനുകള്‍ വീതമാണ് നല്‍കുന്നത്. പരമാവധി കുട്ടികൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് എ. ഇ. ഒ. യുടെ നേതൃത്വത്തിൽ ടെലിവിഷനുകള്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചു സൂക്ഷിക്കേണ്ടതാണെന്നും എംഎൽഎ ഓർമിപ്പിച്ചു. പദ്ദതി നല്ല തുടക്കമായി കണ്ടുകൊണ്ട് വ്യക്തികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി മുന്നോട്ടുവരണം.  സ്വന്തമായി ടെലിവിഷൻ സെറ്റുകൾ ഇല്ലാത്ത കുട്ടികൾ നിരവധി ഉള്ളതിനാൽ നിലവിൽ വിതരണം ചെയ്യുന്നവ കുട്ടികളുടെ പഠന ആവശ്യം പൂർണമായി നിറവേറ്റുന്നതിന് പര്യാപ്തമല്ല.  സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടു വരണമെന്നും എംഎൽഎമാരുടെയും എംപിമാരുടെയും ഫണ്ടുകൾ ഈ ആവശ്യത്തിലേക്ക് വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകിയാൽ കുട്ടികളുടെ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്‍റിന് പുറമെ അരൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ദിലീപ് കണ്ണാടൻ, അരൂർ യുഡിഎഫ് ചെയർമാൻ ഫസലുദ്ദീൻ, യുഡിഎഫ് കൺവീനർ ഉമേശൻ, ഡിസിസി മെമ്പർ രാജീവൻ, ഡിസിസി സെക്രട്ടറി ടി. എച്ച്. സലാം എന്നിവരും വിവിധ  യുഡിഎഫ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഷാനിമോൾ ഉസ്മാൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുമനസ്സുകളുടെ കൂട്ടായ്മയാണ് ഷാനിമോൾ ഇനിഷ്യേറ്റീവ്.