പുത്തുമലയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു; മണ്ണിനടിയില്‍ നിന്ന് ഒരാളെ ജീവനോടെ പുറത്തെടുത്തു

Jaihind News Bureau
Friday, August 9, 2019

മലവെള്ളപ്പാച്ചിൽ തകര്‍ത്തെറിഞ്ഞ വയനാട്ടിലെ പുത്തുമലയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവനോടെ ഒരാളെ പുറത്തെടുത്തു. 24 മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് മണ്ണിനടിയിൽ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് വയസ്സുള്ള കുട്ടിയുടേതടക്കം എട്ട് മൃതദേഹങ്ങളാണ് സ്ഥലത്ത് നിന്ന് കണ്ടെടുത്തത്.14ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല അപ്പാടെ ഇടിഞ്ഞ് താഴേക്കൊഴുകി ഒരു പ്രദേശത്തെ ആകെ തകര്‍ത്തെറിഞ്ഞ അവസ്ഥയാണ് പുത്തുമലയിൽ കാണാനാകുന്നത്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയി. മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.