ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

Jaihind Webdesk
Sunday, July 11, 2021

തൃശൂര്‍ : ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധ ഭീഷണി. മയൂഖയെയും കുടുംബത്തെയും വധിക്കുമെന്ന് കത്തിലൂടെ ഭീഷണിപ്പെടുത്തിയത്. കത്തിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തമല്ല. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മയൂഖ ഡിജിപിക്ക് പരാതി നൽകി.

ജൂലൈ മൂന്നിനാണ് കത്ത് അയച്ചിരിക്കുന്നത്. ഇനി പത്ത് ദിവസം കൂടി എന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇനിയും എതിരെ നീങ്ങിയാല്‍ കുടുംബത്തെ അടക്കം കൊല്ലുമെന്നാണ് കത്തില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും അസഭ്യ പ്രയോഗങ്ങളും നിറഞ്ഞതാണ് കത്ത്.

നേരത്തെസുഹൃത്തിന്‍റെ പീഡന പരാതിയിൽ മയൂഖ ഇടപെട്ടിരുന്നു. സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നുമായിരുന്നു തൃശൂരില്‍ പത്രസമ്മേളനം നടത്തി മയൂഖ വെളിപ്പെടുത്തിയത്. ഈ പീഡനക്കേസിലെ പ്രതിയുടെ പേരിലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഭീഷണിക്കത്ത്.

2016 ജൂലൈ 9ന് വീട്ടിൽ ആരും ഇല്ലാത്തപ്പോൾ മുരിങ്ങൂർ സ്വദേശി സി.സി ജോൺസൺ മാനഭംഗത്തിന് ഇരയാക്കി, നഗ്നചിത്രങ്ങൾ പകർത്തിയെന്നാണ് ആളൂർ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസ്. പരാതി നൽകാൻ സുഹൃത്ത് ആദ്യം മാനസികമായി തയാറായിരുന്നില്ലെന്നും 2018 ൽ വിവാഹ ശേഷം വീണ്ടും ശല്യപ്പെടുത്തിയപ്പോൾ സുഹൃത്തിൽനിന്നു താൻ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയായിരുന്നുവെന്നും മയൂഖ പറഞ്ഞു. പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായതായും  വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ ജോസഫൈന്‍ ഇരയ്ക്കൊപ്പം നിന്നില്ലെന്നും മയൂഖ കുറ്റപ്പെടുത്തിയിരുന്നു. പ്രതിയില്‍ നിന്ന് ഭീഷണി ഉള്ളതായും മയൂഖ വെളിപ്പെടുത്തിയിരുന്നു.