‘നിയമന മുഖ്യൻ’ : ബന്ധു-ബെഹ്‌റ നിയമനങ്ങൾ; പ്രതിക്കൂട്ടിലായി പിണറായി

B.S. Shiju
Tuesday, December 4, 2018

മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധുനിയമന വിവാദം സഭയിൽ പ്രതിപക്ഷവും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സഭയ്ക്ക് പുറത്തും ഉന്നയിച്ച് നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലായി.

ശബരിമല യുവതീപ്രവേശനം, പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും പൂർണ പരാജയമായെന്ന വസ്തുതാപരമായ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിയമനവിവാദങ്ങളിൽ കൂടി ഉൾപ്പെട്ട് പിണറായി ഊരാക്കുടുക്കിലാവുന്നത്. ജലീലിന്‍റെ ബന്ധുനിയമന വിവാദമടക്കം സർക്കാരിനെതിരായ ആരോപണങ്ങൾ അക്കമിട്ട് നിരത്തി യൂത്ത് ലീഗ് സംഘടിപ്പിച്ചിട്ടുള്ള യുവജന യാത്രയുടെ വടകരയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വഴിവിട്ട നിയമനം സംബന്ധിച്ച കാര്യങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രിക്കെതിരെ പോർമുഖം തുറന്നത്. ഇതിനു ശേഷം കണ്ണൂരിലെത്തിയ അദ്ദേഹം ഇതേ വിഷയങ്ങൾ വീണ്ടും മാധ്യമങ്ങളോട് സ്ഥിരീകരിച്ചതോടെയാണ് ഡി.ജി.പി നിയമനത്തിലെ പിന്നാമ്പുറ കഥകൾ ചർച്ചയാകുന്നത്.

മോദിയുടെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാനത്തിന്‍റെ പൂർണ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഗുജറാത്ത് കലാപ സമയത്തെ കേസുകളിൽ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ രക്ഷിച്ചെടുത്ത ബെഹ്‌റയെ സംസ്ഥാനത്തിന്‍റെ ഡി.ജി.പിയായി നിയമിക്കാൻ മോദി – പിണറായി കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ദിരാഭവനിൽ ഇന്ന് നടത്തിയ പത്രസമ്മേളനത്തിലും ആരോപണത്തിൽ ഉറച്ചു നിന്ന മുല്ലപ്പള്ളി വിഷയത്തിൽ കൂടുതൽ ചോദ്യങ്ങളുയർത്തി നിലപാട് കടുപ്പിച്ചതോടെ പിണറായി വെട്ടിലായി.

സെൻകുമാറിനെ നീക്കി ബെഹ്‌റയെ നിയമിക്കാൻ സർക്കാർ അനാവശ്യ ധൃതി കാട്ടിയെന്നും ഇതെന്തിനെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നുമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യം. എൻ.ഐ.എയിൽ നിന്നും നിർബന്ധിത അവധിയിൽ പോയ ബെഹ്‌റയുടെ പശ്ചാത്തലം അന്വേഷിക്കാൻ പിണറായി തയാറായില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം മറികടന്നാണ് ഇത്തരത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നുകൂടി മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ നിയമന വിവാദം ഇനിയും ചൂടുപിടിക്കും. മോദി- അമിത്ഷാ- പിണറായി അച്ചുതണ്ടിലൂടെ ഉരുത്തിരിഞ്ഞ സംഘപരിവാർ – ബി.ജെ.പി – സി.പി.എം കൂട്ടുകെട്ടിന്‍റെ നേർച്ചിത്രം മുല്ലപ്പള്ളി പുറത്തുകൊണ്ടുവന്നതോടെ സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ഉന്നതരും ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതാക്കളും ഒരേ പോലെ വെട്ടിലായി. ശബരിമല സമരമടക്കം ഇടതുസർക്കാരിനെതിരായ സമരങ്ങൾ ഒത്തുതീർക്കാൻഎ ബി.ജെ.പിയും ആർ.എസ്.എസും തീരുമാനിച്ചതിനുപിന്നിലെ കള്ളക്കളികളും ഇതിലൂടെ വ്യക്തമാവുകയാണ്. മുല്ലപ്പള്ളിക്ക് കൃത്യമായി മറുപടി നൽകാൻ പിണറായിയും ബി.ജെ.പി നേതാക്കളും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല.

ഇതിനിടെ കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പിണറായി ജലീലിന് അനുകൂലമായി നിലപാട് സ്വീകരിച്ച് രംഗത്തെത്തിയതും വിവാദമുയർത്തിക്കഴിഞ്ഞു. ജലീലിന്‍റെ ബന്ധുവായ കെ.ടി അദീപീനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നടത്തിയ സംഭവത്തിൽ പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാൻ പിണറായി മുന്നോട്ടുവന്നതാണ് ഭരണപക്ഷത്തെയാകെ സഭയിൽ പ്രതിരോധത്തിലാക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അദീപിനെ സർക്കാർ സ്ഥാപനത്തിലേക്ക് നിയമനം നൽകിയതു ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് പ്രതിപക്ഷത്തുനിന്നും അവതരണാനുമതി തേടിയ കെ മുരളീധരൻ നിയമനത്തിലെ പാകപ്പിഴകൾ അക്കമിട്ട് നിരത്തിയപ്പോൾ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും ഉത്തരം മുട്ടി. ഇതേത്തുടർന്ന് ഭരണപക്ഷത്തു നിന്നും മന്ത്രിമാരടക്കമുള്ളർ പ്രതിപക്ഷത്തിനു നേരെ ആക്രോശം മുഴക്കിയതും അവരുടെ നിസഹായവസ്ഥയാണ് വെളിവാക്കപ്പെട്ടത്. കൃത്യമായ മറുപടി നൽകാനാവാതെ മുഖ്യമന്ത്രിയും ജലീലും മുൻ യു.ഡി.എഫ് ഭരണത്തിന് നേരെ അവ്യക്തമായ ആരോപണങ്ങൾ മുഴക്കുക മാത്രമാണ് ചെയ്തത്.

വഴിവിട്ട രണ്ട് നിയമനങ്ങളും സി.പി.എമ്മിനും സർക്കാരിനും ഒരേപോലെ തിരിച്ചടിയായി മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വരും ദിവസങ്ങളിൽ നിയമനങ്ങൾ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാവേണ്ടി വരും.