പ്രവാസി വ്യവസായിയുടെ ആത്മഹത്യ : നഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

Jaihind Webdesk
Wednesday, June 26, 2019

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ നഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന അന്വേഷണത്തിൽ സാജന്‍റെ ബന്ധുക്കളുടെയും,ജീവനക്കാരുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇതിനൊപ്പം കെട്ടിടവുമായി ബന്ധപ്പെട്ട് നഗരസഭയിലും, നഗരാസൂത്രണ വിഭാഗത്തിലും ഉള്ള രേഖകളും വിശദമായി സംഘം പരിശോധിച്ചു കഴിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നഗരസഭ സെക്രട്ടറി ഗിരീഷിന്‍റെ യും,എഞ്ചിനീയർ ഉൾപ്പടെയുള്ള മറ്റ് മൂന്ന് ജീവനക്കാരുടെയും മൊഴികൾ അന്വേഷണത്തിൽ നിർണ്ണായകമാണ്.  ലൈസൻസ് അനുവദിക്കുന്നതിൽ ഉദ്ദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ് .  നഗരസഭയിൽ നിന്ന് ലഭിച്ച രേഖകൾ പരിശോധിച്ചപ്പോഴും ഇത് ബലപ്പെടുത്തുന്ന തെളിവുകളാണ് പോലിസിന് ലഭിച്ചിരിക്കുന്നത്.  സസ്‌പെൻഷനിലായ നഗരസഭ സെക്രട്ടറി ഗിരീഷ് കുമാർ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഉന്നയിച്ച അറസ്റ്റ് തടയണമെന്നാവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. സാജന്‍റെ കുടുംബാംഗങ്ങൾ പ്രധാനമായി ആരോപണം ഉയർത്തിയ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയുടെ മൊഴിയും എടുക്കാനുണ്ട്.  എന്നാൽ പി കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് എപ്പോഴെന്ന കാര്യത്തിൽ അന്വേഷണ സംഘം തീരുമാനം എടുത്തിട്ടില്ല.  അന്വേഷണ സംഘം നടത്തുന്ന പരിശോധനയിൽ ചെയർപേഴ്‌സണെതിരായ തെളിവുകളൊന്നും ആദ്യ ഘട്ടത്തിൽ കണ്ടെത്താനായിട്ടില്ല. എന്നാൽ സാജന്‍റെ ഭാര്യയടക്കമുള്ള ബന്ധുക്കളുടെ മൊഴികളിൽ ശ്യാമളയ്‌ക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുന്നുണ്ട്.