രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച്ഒഡീഷ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ബുക്ക്ലെറ്റ് വിവാദമായതോടെ തടിയൂരാന്‍ ശ്രമം നടത്തി സര്‍ക്കാര്‍. മഹാത്മാഗാന്ധിയുടേത് ആകസ്മിക മരണമായിരുന്നു എന്ന ബുക്ക്ലെറ്റിലെ പരാമർശം വിവാദമായതോടെ തെറ്റ് സമ്മതിച്ച് ഒഡീഷ വിദ്യാഭ്യാസ മന്ത്രി സമിര്‍ രജ്ഞന്‍ ദശ് രംഗത്തെത്തി.
ഒഡീഷ സ്കൂള്‍ ആന്റ് മാസ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് ഗാന്ധിജിയുടെ മരണം തെറ്റായി രേഖപ്പെടുത്തിയിരുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒഡീഷ സര്‍ക്കാര്‍ പുറത്തിറക്കിയ ‘ആമാ ബാപ്പുജി: ഏക ജലക’ (നമ്മുടെ ബാപ്പുജി: ഒറ്റനോട്ടത്തില്‍) എന്ന രണ്ട് പേജുള്ള ബുക്ക്ലെറ്റിലായിരുന്നു വിവാദ പരാമര്‍ശം. ഗാന്ധിജിയുടെ ജീവിതഘട്ടങ്ങള്‍ വിവരിക്കുന്ന ബുക്ക്ലെറ്റില്‍ മരണത്തെക്കുറിച്ച് രേഖപ്പെടുത്തിയ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്. ആകസ്മികമായ അപകടത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ വെച്ച് ഗാന്ധിജി മരണപ്പെടുകയായിരുന്നു എന്നായിരുന്നു ബുക്ക്ലെറ്റിലെ പരാമർശം.
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ഈ ബുക്ക്ലെറ്റ് വിതരണം ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പരാമര്‍ശം വന്‍ വിവാദമാവുകയും മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ് പറണമെന്നും പിഴവ് എത്രയും പെട്ടെന്ന് തിരുത്തണമെന്നും പരക്കെ ആവശ്യമുയര്‍ന്നിരുന്നു. തുടർന്ന് നിയമസഭാ സ്പീക്കര്‍ എസ്.എന്‍ പത്രോ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ലഘുലേഖ പിന്‍വലിച്ചെന്നും അശ്രദ്ധകൊണ്ട് സംഭവിച്ച പിഴവാണെന്നും വിദ്യാഭ്യാസമന്ത്രി സമിര്‍ രഞ്ജന്‍ ദശ് വിശദീകരിച്ചു.
അതേസമയം ചരിത്രം വളച്ചൊടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സ്തുതി പാടുകയാണ് ഒഡീഷയിലെ ബി.ജെ.ഡി സർക്കാരെന്ന് ആക്ഷേപമുയരുന്നുണ്ട്. നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന സത്യത്തെ വളച്ചൊടിക്കുകയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നു. ഒഡീഷയിലെ ബി.ജെ.ഡി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അടിമപ്പെട്ടെന്നും ബുക്ക്ലെറ്റിലെ പിഴവ് മനപൂര്‍വം വരുത്തിയതാണോ എന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.