‘എന്‍റെ നിലപാടില്‍ മാറ്റമില്ല, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തോളൂ’ : പ്രഗ്യാ സിംഗിനെ തീവ്രവാദി എന്ന് വിളിച്ച നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, November 29, 2019

Rahul Gandhi

ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് താക്കൂറിനെതിരായ തീവ്രവാദി പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി.  പ്രഗ്യാ സിംഗ് താക്കൂറിനെ തീവ്രവാദി എന്നു വിശേഷിപ്പിച്ചതില്‍ അടിയന്തരപ്രമേയത്തിന് ബി.ജെ.പി നോട്ടീസ് നല്‍കിയിരുന്നു. തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇക്കാര്യത്തില്‍ എന്ത് നടപടി നേരിടാനും താന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഗോഡ്സെയെ പോലെ അക്രമത്തിലാണ് പ്രഗ്യാ സിംഗ് താക്കൂറും വിശ്വസിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ ട്വിറ്ററില്‍ കുറിച്ച നിലപാടില്‍ മാറ്റമില്ല’ – രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രഗ്യയെ തീവ്രവാദിയെന്ന് വിളിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തീവ്രവാദി പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിലും അദ്ദേഹം പ്രതികരിച്ചു. ‘അവർക്ക് എന്താണോ ചെയ്യാനാവുന്നത് അത് ചെയ്യട്ടെ, ഞാനത് സ്വാഗതം ചെയ്യുന്നു’ – എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‍സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ച പ്രഗ്യാ സിംഗിന്‍റെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സെയെ ദേശഭക്തന്‍ എന്നു വിളിച്ചെന്നായിരുന്നു രാഹുല്‍ ഇന്നലെ ട്വീറ്റ് ചെയ്തത്. അതേസമയം വിവാദ പരാമർശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ പ്രഗ്യാ സിംഗ് ലോക്സഭയില്‍ മാപ്പ് പറഞ്ഞിരുന്നു.