കൊച്ചി: ബലാത്സംഗ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാൻ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം.
സീറോ മലബാർ സഭയിലെ വൈദികരടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമരപ്പന്തലിലെത്തിയിരുന്നു. കൂടുതൽ പേർ സമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്. ചുമതലകളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ ഫ്രാങ്കോ മുളയ്ക്കൽ തീരുമാനിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താൽക്കാലികമായി സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് അദ്ദേഹം വൈദികർക്ക് അയച്ച കത്തിൽ പറയുന്നത്. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ഫ്രാങ്കോ മുളയ്ക്കൽ കത്തിൽ വ്യക്തമാക്കുന്നു.