കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് രംഗത്ത്. എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിരര്‍ത്ഥകമാണ്. എന്‍എസ്എസ് പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കില്ലെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അപ്പോഴത്തെ അവസ്ഥ ഓര്‍ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെടുന്നവരുണ്ട് എന്നാല്‍ എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തെന്ന അഭിപ്രായം യുക്തിഭദ്രമല്ല. എന്‍എസ്എസിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ട്, ഇത് വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരം എന്‍എസ്എസിനില്ലെന്നും സുകുമാരന്‍ നായര്‍ ഒളിയമ്പെയ്തു. കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെ ചെറുതാക്കി കാണേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല. എന്‍ എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ല.
നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണു സമുദായ സംഘടനകള്‍. അത്തരം ശ്രമങ്ങള്‍ക്കൊപ്പം എല്ലാ കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിന്നിട്ടുണ്ട്. എന്‍എസ്എസുമായുള്‍പ്പെടെ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതിനു തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ടുകളെല്ലാം അപ്രസക്തമാണെന്നു തെളിയിക്കുന്നതാണിത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടര്‍ച്ചയായി എല്‍ഡിഎഫിന് അനുകൂലമായ മുന്നേറ്റമാണ് ഉണ്ടായതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.