കെ.എം എബ്രഹാം സമിതി റിപ്പോർട്ട് നിയമന നിരോധനത്തിനുള്ള തുടക്കം; പെന്‍ഷനാകുന്നവരെ പുനർനിയമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എന്‍.എസ്.നുസൂർ

Jaihind News Bureau
Thursday, July 30, 2020

 

പെന്‍ഷന്‍ ആകുന്നവരെ തന്നെ പുനർനിയമിക്കാന്‍ ശുപാർശ ചെയ്യുന്ന കെ.എം ഏബ്രഹാം സമിതി റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂർ. സംസ്ഥാനത്ത് നിയമനനിരോധനത്തിലേക്ക് വഴിതെളിക്കുന്നതാണ് ഏബ്രഹാം സമിതി റിപ്പോർട്ടെന്നും നുസൂർ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ ആകുന്നവർക്ക് പുനർനിയമനം നല്‍കുന്നതിലൂടെ പുതിയ ഒഴിവുകള്‍ ഉണ്ടാവില്ല. ഇത് നിരവധി ഉദ്യോഗാർത്ഥികളുടെ അവസരത്തെയാണ് ഇല്ലാതാക്കുന്നത്. ഈ യുവജനവഞ്ചനയില്‍ മറുപടി പറയാന്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും സർക്കാരിന്‍റെ വാലാട്ടിപ്പട്ടികളായി നേതാക്കള്‍ മാറരുതെന്നും നുസൂർ ഓർമിപ്പിക്കുന്നു.  പെന്‍ഷനാകുന്നവരെ പുനർനിയമിക്കാനുള്ള സർക്കാർ നീക്കം ഞങ്ങളുടെ ജീവശ്വാസം നിലച്ചിട്ടുമാത്രമേ നടക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് നുസൂർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

എന്‍.എസ് നുസൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

കൺസൾട്ടൻസി നിയമനങ്ങൾക്ക് പുറമെ നിയമന നിരോധനത്തിലേക്ക് സർക്കാർ നീങ്ങുന്നു എന്നാണ് കെ എം എബ്രഹാം സമിതി റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. പെൻഷൻ ഇനത്തിലും കിഫ്ബിയുടെ ശമ്പളയിനത്തിലും ലക്ഷങ്ങൾ കൈപ്പറ്റുന്ന എബ്രഹാമിന് പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ മനോവിഷമം മനസിലാകണമെന്നില്ല. പെൻഷൻ പറ്റുന്ന ആളുകൾക്ക് പുനർനിയമനം നൽകിയാൽ ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്ന കാരണത്താൽ സർക്കാരിന് ലാഭമുണ്ടാക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം. 56 വയസിൽ പെൻഷൻ ആകുന്ന ആൾക്ക് അതേ തസ്തികയിൽ 4 വർഷം നീട്ടിനൽകുമ്പോൾ പുതിയ ഒഴിവ് ഉണ്ടാകുന്നില്ല. അപ്പോൾ നിയമനത്തിന്‍റെ ആവശ്യവുമില്ല. ഇതാണ് പെൻഷൻ പ്രായം കൂട്ടുന്നതിന്‍റെ മറ്റൊരു മുഖം. തത്വത്തിൽ നിയമനനിരോധനം നടപ്പിലാക്കാനുള്ള നീക്കമായേ ഇതിനെ കാണാൻ കഴിയൂ.

ഈ യുവജനവഞ്ചനക്കെതിരെ മറുപടി പറയാൻ DYFI എന്ന പ്രസ്ഥാനത്തിന്‌ ബാധ്യതയുണ്ട്. സർക്കാരിന്‍റെ വാലാട്ടിപ്പട്ടികളായി നേതാക്കൾ മാറരുത്. നട്ടെല്ലുറപ്പുണ്ടെങ്കിൽ കൺസൾട്ടൻസി രാജിനും എബ്രഹാം സമിതി റിപ്പോർട്ടിനും എതിരെ നാവനക്കാൻ വിപ്ലവനായകന്മാർ തയാറാകണം.

സ്വപ്നമാർക്ക് ലക്ഷവും റാങ്ക്‌ ഹോൾഡർമാർക്ക് ഒരുമുഴം കയറും എന്ന സർക്കാർ പോളിസി മാറണം. ഒരു കാര്യം പിണറായി സർക്കാരിനെ ഓർമിപ്പിക്കുന്നു. ഞങ്ങളുടെയൊക്കെ ജീവശ്വാസം നിലച്ചിട്ടേ നിങ്ങൾക്ക് എബ്രഹാം സമിതി റിപ്പോർട്ട്‌ നടപ്പിലാക്കാൻ കഴിയൂ..