കേരളത്തില്‍ എന്‍.പി.ആർ നടപടികള്‍ നിർത്തിവെക്കും ; പുതുക്കിയ ഉത്തരവിറക്കി

Jaihind News Bureau
Friday, December 20, 2019

പ്രതിഷേധത്തിന് പിന്നാലെ കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികൾ  നിർത്തിവെക്കാൻ സർക്കാർ ഉത്തരവ്. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനെ (എൻ.പി.ആർ) കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്.  എൻ.പി.ആർ നടപടികള്‍ നിര്‍ത്തിവെക്കാന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികൾ  നിർത്തിവെക്കാൻ  സർക്കാർ തയാറായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൗരത്വ കണക്കെടുപ്പ് എന്ന ആരോപണം ശക്തമായിരുന്നു. പുതുക്കിയ ദേശീയ പൗരത്വ നിയമം ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ പൗരത്വ പട്ടികയിൽ ഉപയോഗിക്കാൻ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ നടപടികള്‍  കൈക്കൊള്ളുന്നതെന്ന് ഉത്തരവിൽ പറയുന്നു. 2021 ലാണ് അടുത്ത സെന്‍സസ് നടക്കേണ്ടത്.

അടുത്ത വര്‍ഷം ഏപ്രിലിനും മെയ് മാസത്തിനുമിടിയില്‍ എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് നടപടികൾ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി വെച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. കൂടാതെ ബംഗാളിൽ ജനസംഖ്യ രജിസ്റ്റിന്‍റെ നടപടികളും നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനത്ത് എന്‍.പി.ആർ നടപടികള്‍ നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി നിർത്തിവെച്ചുകൊണ്ട് പുതുക്കിയ ഉത്തരവിറക്കിയത്.