മൃതശരീരം മാറിയ സംഭവം : റഫീക്കിന്‍റെ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

webdesk
Friday, March 22, 2019

സൗദിഅറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 28ന് മരിച്ച റഫീക്കിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കൻ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

ഇരുമൃതദേഹങ്ങളും അബ്ബയിൽ നിന്നും ജെദ്ദ വരെ സൗദി അറേബ്യൻ വിമാനത്തിലാണ് എത്തിയത്. ജെദ്ദയിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ ഒരു മൃതദേഹം ബഹറൈൻ വഴി കൊളംബൊയിലേക്കും മറ്റേ മൃതദേഹം സൗദിഅറേബ്യൻ വിമാനത്തിൽ കൊച്ചിയിലേക്കുമാണ് എത്തിയത്. കോന്നിയിൽ എത്തിച്ച മൃതദേഹം സംസ്‌ക്കരിക്കുന്നതിന് പെട്ടി തുറന്നപ്പോഴാണ് റഫീക്കിന്‍റെ മൃതദേഹത്തിന് പകരം ശ്രീലങ്കൻ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി. നോർക്ക വകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്തു നൽകുകയും സൗദി എയർലൈൻസ് അധികൃതരുമായി സമ്ബർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.