കോന്നിയില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം

Jaihind Webdesk
Wednesday, September 25, 2019

കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ ഇടതുമുന്നണിയിൽ അസംതൃപ്തി. സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചതായാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ പരാതി. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. കെ.യു ജനീഷ് കുമാറാണ് കോന്നിയിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി.

കോന്നിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ സി.പി.എം ജില്ലാ നേതൃത്വം അസംതൃപ്തരാണ്. പാർട്ടി സംസ്ഥാന നേതൃത്വം ജില്ലയിൽ സ്ഥാനാർത്ഥികളെ അടിച്ചേൽപിക്കുന്നതായാണ് ജില്ലാ നേതൃത്വത്തിന്‍റെ പരാതി. കഴിഞ്ഞ നിയമസഭ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ ആറന്മുള നിയോജക മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലും ജില്ലയിലെ മുതിർന്ന നേതാക്കളെ അവഗണിച്ച് വീണാ ജോർജിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു.

കോന്നി ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, മുതിർന്ന നേതാക്കളായ അഡ്വ. ഓമല്ലൂർ ശങ്കരൻ , വി.എസ് സനൽ കുമാർ, എം.എസ് രാജേന്ദ്രൻ തുടങ്ങിയവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സമിതിക്ക് വേണ്ടി അഡ്വ. ബാലഗോപാൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. കെ.യു ജനീഷ് കുമാറിന്‍റെ പേര് നിർദേശിക്കുകയായിരുന്നു. ഒരാളുടെ പേര് മാത്രം അടിച്ചേൽപിക്കരുതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അഭിപ്രായപ്പെട്ടു. എന്നാൽ മുതിർന്ന നേതാക്കളുടെ അസംതൃപ്തി നിലനിൽക്കെ തന്നെ യോഗത്തിൽ കെ.യു ജനീഷ് കുമാറിന്‍റെ പേര് മണ്ഡലം കമ്മിറ്റിക്ക് ശുപാർശ ചെയ്യുകയായിരുന്നു. മുതിർന്ന നേതാക്കളെ അവഗണിച്ചത് വരും ദിനങ്ങളിൽ പൊട്ടിത്തെറികൾ ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ.