‘ഗോഡ്സെ ഗാന്ധിജിയുടെ ശരീരത്തെ കൊലപ്പെടുത്തി, പ്രഗ്യയെപ്പോലുള്ളവര്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെയും’ : കൈലാഷ് സത്യാര്‍ഥി

Jaihind Webdesk
Saturday, May 18, 2019

Kailash-Satyarthi

ഗാന്ധി ഘാതകന്‍ ഗോഡ്സെയെ ദേശസ്നേഹിഎന്ന് വിശേഷിപ്പിച്ച ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് താക്കൂറിനും ബി.ജെ.പി നേതൃത്വത്തിനും രൂക്ഷ വിമര്‍ശനവുമായി നൊബേല്‍ പുരസ്കാര ജേതാവും ബാലാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ഥി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിംഗ് താക്കൂറിന്‍റെ പരാമര്‍ശത്തിനെതിരെയാണ് കൈലാഷ് സത്യാര്‍ഥി രംഗത്തെത്തിയത്.

‘ഗോഡ്സെ ഗാന്ധിജിയുടെ ശരീരത്തെ കൊലപ്പെടുത്തി. പ്രഗ്യയെപ്പോലെയുള്ളവര്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെ കൊലപ്പെടുത്തുന്നു. ഒപ്പം സമാധാനം, സഹിഷ്ണുത, അഹിംസ മുതലായ ഗുണങ്ങളെയും ഇവര്‍ കൊല ചെയ്യുന്നു. രാഷ്ട്രീയത്തിനും മുകളിലാണ് മഹാത്മാ ഗാന്ധിയുടെ സ്ഥാനം. ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഇത്തരം താല്പര്യങ്ങള്‍ ബി.ജെ.പി നേതൃത്വം ഉപേക്ഷിക്കണം. ഇത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ തയാറാകണം’ – കൈലാഷ് സത്യാര്‍ഥി ട്വിറ്ററില്‍ കുറിച്ചു.

ഗോഡ്സെക്കെതിരെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പ്രഗ്യാസിംഗ് രംഗത്തെത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്. അത് ഗോഡ്സെ ആണെന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്. പ്രഗ്യയുടെ പ്രസ്താവനക്കെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പി ഇവരോട് വിശദീകരണം തേടിയിരുന്നു. സംഭവം കൈവിട്ടതോടെ ബി.ജെ.പി നേതൃത്വവും വെട്ടിലായിരിക്കുകയാണ്.