യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പോകാന്‍ ഇനി എംബസ്സിയിലോ കോണ്‍സുലേറ്റിലോ പേര് റജിസ്റ്റര്‍ ചെയ്യണ്ട : ദുബായ് എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട

Jaihind News Bureau
Tuesday, September 1, 2020

ദുബായ് : ഇന്ത്യ-യുഎഇ എയര്‍ബബിള്‍ കരാര്‍ ഒപ്പുവച്ചതു മൂലം, യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഇനി എംബസ്സിയിലോ കോണ്‍സുലേറ്റിലോ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, മറ്റു വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്താനാകും. അതേസമയം, ഡല്‍ഹി എയര്‍പോര്‍ട്ട് വെബ്‌സൈറ്റായ, എയര്‍ സുവിധയില്‍ പേര് റജിസ്ട്രര്‍ ചെയ്യണം.  

കൂടാതെ, ഇന്ത്യയിലേക്ക് ദുബായ് രാജ്യാന്തരവിമാനത്താവളം വഴി പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇത് ഏറെ മലയാളികള്‍ക്ക് ആശ്വാസകരമാണ്. എന്നാല്‍, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. അതേ സമയം ഇന്ത്യ വഴി കണക്ഷന്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് 96 മണിക്കൂര്‍ സമയപരിധിയിലുള്ള കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം.

ഇന്ത്യയില്‍ നിന്നു വിദേശത്തേയ്ക്കുള്ള സാധാരണ വിമാന സര്‍വീസ് സെപ്റ്റംബര്‍ 30 വരെ പുനരാരംഭിക്കില്ലെന്നും ഡിജിസിഎ വ്യക്തമാക്കിയതായി എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരമുള്ള വിമാനങ്ങളും കാര്‍ഗോ വിമാന സര്‍വീസും തുടരും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 23നായിരുന്നു ഇന്ത്യയില്‍ നിന്ന് രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിയത്.