ഐ.ടി. സെക്രട്ടറിയെ ബലിയാടാക്കി സ്പ്രിങ്ക്ളറില്‍ നിന്നും സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല; വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind News Bureau
Saturday, April 18, 2020

 

ഐ.ടി. സെക്രട്ടറിയെ ബലിയാടാക്കി സ്പ്രിങ്ക്ളര്‍ അഴിമതില്‍ നിന്നും സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സ്പ്രിങ്ക്ളര്‍ കമ്പനിയ്ക്ക് വ്യക്തികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യത്തിന് സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് ഐ.റ്റി. സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. വിദേശ സ്വകാര്യ കമ്പനിയ്ക്കാണ് ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നതെന്ന വസ്തുത ജനങ്ങള്‍ക്ക് മനസ്സിലായാല്‍ വിവരങ്ങള്‍ നല്‍കാന്‍ പലരും തയ്യാറാകില്ല എന്നതിനാലാണ് ഇത്തരത്തിലുളള നടപടി സ്വീകരിച്ചത് എന്നത് അതീവ ഗുരുതരമാണ്. ഉത്തരവാദിത്വമുളള ഒരു സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത വഞ്ചനാപരമായ നടപടിയാണിത്.

വിവരം നല്‍കുന്നവര്‍ക്ക് വ്യക്തമായ ധാരണ നല്‍കി അവരുടെ പൂര്‍ണ്ണ മായ അറിവോടും സമ്മതത്തോടും കൂടി മാത്രമേ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിയ്ക്ക് കൈമാറാവു എന്ന ശക്തമായ നിയമവ്യവസ്ഥയാണ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്. ഉത്തരവാദിത്വം മൊത്തത്തില്‍ ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി ചാവേറാകുന്നതാണ് ഏറ്റുപറച്ചല്‍. ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ ആഫീസില്‍ തന്നെ ജോലി ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി സെക്രട്ടറിയാണെന്നുളളത് ഗൗരവതരമാണ്.

സ്പ്രിംഗ്ളര്‍ കമ്പനിയുമായി 2019 മുതല്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ ഇടപാടുകളുടെ ദുരൂഹത വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. ഇടപാടുകളില്‍ കരാറുണ്ടെന്നും ഇതൊരു കരാറല്ല പര്‍ച്ചേയ്സ് ഓര്‍ഡറാണെന്നും പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകളാണ് ഐ.ടി സെക്രട്ടറിയുടേത്. രണ്ടായാലും കേരള സര്‍ക്കാര്‍ നാളിതുവരെ തുടര്‍ന്ന് വരുന്ന നിയമവ്യവസ്ഥകളും നടപടി ക്രമങ്ങളും പാലിക്കാതെയാണ് സ്പ്രിങ്ക്ളറുമായി ഇടപാട് ഉറപ്പിച്ചതും അതീവ രഹസ്യ സ്വഭാവമുളള വിവരങ്ങള്‍ കൈമാറിയതും. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയ്ക്കും അവസരം നല്‍കാതെ ഐ.ടി. സെക്രട്ടറിയുടെ വ്യക്തിപരമായ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പ്രിംഗ്ളര്‍ ഇടപാട് ഉറപ്പിച്ചുവെന്നും ഡേറ്റാ കൈമാറിയെന്നതും അവിശ്വസനീയമാണ്. കേരളത്തിലെ ഒരു സെക്രട്ടറിയ്ക്കും സ്വന്തം ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ സര്‍ക്കാരിന് വേണ്ടി കരാറില്‍ ഏര്‍പ്പെടാനോ പര്‍ച്ചേയ്സ് ചെയ്യാനോ അധികാരമില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എങ്ങനെ ഈ അധികാരം വിനിയോഗിച്ചു എന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം.

കോടികളുടെ മുല്യമുളള ആരോഗ്യവിവര ശേഖരം സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്ന ഇടപാടില്‍ നിയമങ്ങളോ ചട്ടങ്ങളോ നടപടി ക്രമങ്ങളോ പാലിക്കാതെയാണെന്നുളള ഏറ്റുപറച്ചിലാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി നടത്തിയത്. കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്വയം ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വേണ്ടി നിലവിലെ നിയമം, ചട്ടം, നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാറില്‍ ഏര്‍പ്പെടുന്നതിനും പര്‍ച്ചേയ്സ് നടത്തുന്നതിനും അധികാരം നല്‍കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. പുറത്തുവിട്ട രേഖകള്‍ എല്ലാം തന്നെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ വിദേശ കമ്പനിയ്ക്ക് കൈമാറിയതിന് ശേഷം ഉണ്ടാക്കിയിട്ടുളളതും അവയില്‍ പ്രധാനപ്പെട്ടവ സ്പ്രിങ്ക്ളര്‍ ആരോപണം ഉയര്‍ന്ന് വന്നതിന് ശേഷമുളളതാണെന്നും ഐ.ടി. സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ട്.

സ്പ്രിങ്ക്ളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് സെക്രട്ടറി വെളിപ്പെടുത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട സെക്രട്ടറിയേറ്റിലെ ഫയലുകള്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. ഒരു ഫയല്‍ ഇല്ലാതെ സര്‍ക്കാരിന്‍റെ ഒരു ഇടപാടുകളും ഒരു വകുപ്പും നടത്തുകയില്ലെന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകള്‍ ഒളിപ്പിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനാണ്. സ്പ്രിങ്ക്ളര്‍ ഇടപാടിലെ ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കമ്പനിയുടെ രേഖകളും ഐ.ടി സെക്രട്ടറിയുടെ വിശദീകരണവും വിഷയം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.