സംസ്ഥാനം ഇന്ധനവില കുറച്ചെന്നുള്ള ധനമന്ത്രിയുടെ അവകാശവാദം പരിഹാസ്യം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Jaihind Webdesk
Sunday, May 22, 2022

NK-Premachandran-MP

പെട്രോള്‍ ഡീസല്‍ വില സംസ്ഥാനം കുറച്ചുവെന്നുളള ധനകാര്യ മന്ത്രിയുടെ അവകാശവാദം പരിഹാസ്യമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതിയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. നികുതി കുറയ്ക്കാതെയുളള വില കുറച്ചുവെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. ഇന്ധന വിലയും കേന്ദ്ര സര്‍ക്കാരിന്‍റെ നികുതിയും ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജും അടങ്ങുന്ന തുകയിന്മേലാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി ചുമത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുമ്പോള്‍ നികുതി ചുമത്തുന്ന തുകയിലും കുറവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം അതില്‍ കൂടുതല്‍ നികുതി ഈടാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. നിലവില്‍ നികുതിയായി ഇടാക്കുന്ന തുക തുടര്‍ന്നും ഈടാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി ശതമാനം വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലക്കുറവ് നിലവിലെ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ കുറവിന് അനുപാതികമായ ഉണ്ടായ സ്വഭാവിക വിലകുറവാണ്. സര്‍ക്കാരിന്‍റെ സൗജന്യമല്ല. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ സ്വാഭാവികമായി സംസ്ഥാനത്ത് ഉണ്ടായ പെട്രോള്‍ ഡീസല്‍ വിലകുറവിനെ സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യമായി വ്യാഖ്യാനിക്കുന്നത് വഞ്ചനാപരമാണ്. രൂക്ഷമായ വിലക്കയറ്റം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ അതിരൂക്ഷമായ വിലക്കയറ്റം നേരിടുന്ന കേരളത്തില്‍ നികുതി ശതമാനം കുറയ്ക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പെട്രോള്‍ ഡീസല്‍ നികുതി ശതമാനം കുറയ്ക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.