നിയമസഭാ സമ്മേളനം മാറ്റി; രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം |VIDEO

Jaihind News Bureau
Thursday, July 23, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സർക്കാര്‍ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനത്തില്‍ പ്രതിഷേധവും അതൃപ്തിയുമുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെയും സ്‌പീക്കർക്കെതിരെയലും  അവിശ്വാസം കൊണ്ടുവരാനിരുന്നതാണ്. സഭ എന്ന്‌ ചേർന്നാലും പ്രമേയം അവതരിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.  അവിശ്വാസ പ്രമേയത്തെ എതിർക്കാൻ ഇടതുപക്ഷ കക്ഷികൾക്ക് തന്നെ മടിയുണ്ട്. ഇത് മുന്നിൽക്കണ്ടാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രതിഷേധം തുടരും. റീബില്‍ഡ് കേരളയില്‍ കടലാസ് കമ്പനികളെ തിരുകി കയറ്റാൻ നീക്കം നടന്നത് ഗുരുതര ചട്ടലംഘനമാണ്.അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.