ഒമാനില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ : വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി തുറക്കില്ല ; വാഹന യാത്രയ്ക്കും വിലക്ക്

Jaihind Webdesk
Wednesday, April 14, 2021

 

മസ്‌കറ്റ് : ഒമാനില്‍ ഇടവേളക്ക് ശേഷം, വീണ്ടും രാത്രികാല കര്‍ഫ്യൂ ആരംഭിച്ചു. ഇതോടെ, ഇനി റംസാനില്‍ ഉടനീളം, രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ നാലു വരെ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. ഇതോടൊപ്പം, വാഹന യാത്രയ്ക്കും ഒമാനില്‍ വിലക്ക് വന്നു. എന്നാല്‍, രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കി.

മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും. എന്നാല്‍, രാത്രി സമയം ഡെലിവറി സേവനങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍, കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്.

റംസാനില്‍ പള്ളികളില്‍ കൂട്ടമായുള്ള തറാവീഹ് നമസ്‌കാരം നിരോധിച്ചു. പൊതുസ്ഥലങ്ങളിലും ടെന്‍റുകളിലും പള്ളികളിലുമുള്ള ഇഫ്താറുകളും പാടില്ല. സ്വകാര്യ ഇടങ്ങളിലും ഇഫ്താറിനായി ഒത്തുചേരാന്‍ അനുവദിക്കില്ല. സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികളും, സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ഒമാനില്‍ താല്‍ക്കാലികമായി വിലക്കി. അതേസമയം, കൊവിഡ് വ്യാപനം കുറഞ്ഞാല്‍, റംസാനില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു.