സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

Jaihind Webdesk
Thursday, December 29, 2022

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്‍റെ  മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. 56 ഇടങ്ങലിലാണ് പരിശോധന നടന്നത്.  സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പുലര്‍ച്ചെ മുതലാണ് റെയ്ഡ് നടക്കുന്നത്. എന്‍ഐഎ ബാംഗ്ലൂരൂ, ഡല്‍ഹി യൂണിറ്റുകളും പരിശോധനകള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം.  രണ്ടാം നിര നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്.  പി.എഫ്.ഐ നിരോധനത്തിന്‍റെ തുടര്‍ച്ചയായാണ് പരിശോധന.

തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പി.എഫ്.ഐ പ്രവര്‍ത്തകന്‍ തോന്നയ്ക്കല്‍ നവാസിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. പത്തനംതിട്ട കുലശേഖര പേട്ടയില്‍ രണ്ടിടത്തും  പഴകുളത്ത് ഒരിടത്തും പരിശോധന നടക്കുന്നുണ്ട്. പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്‍റെ വീട്ടിലും പരിശോധന നടക്കുന്നു.

ആലപ്പുഴയില്‍ ചന്തിരൂര്‍, വണാടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിമാണ് പരിശോധന.

മലപ്പുറം ജില്ലയില്‍ ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും  പരിശോധന പുരോഗമിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ മാവൂരിലും നാദാപുരത്തുമാണ് പരിശോധന. നാദാപുരത്ത് പിഎഫ്ഐ പ്രവര്‍ത്തകന്‍ നൗഷാദിന്റെ വീട്ടിലാണ് പരിശോധന. പാലക്കാട് ജില്ലയിലും സംഘം പരിശോധന നടത്തുന്നുണ്ട്.

എറണാകുളം ജില്ലയിലെ ആലുവ, ഇടവനക്കാട്, വൈപ്പിന്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ റെയ്ഡ് പുരോഗമിക്കുകയാണ്.  മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു.  പി.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്