ഐ.എസ് ബന്ധം: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ NIA കസ്റ്റഡിയില്‍

Tuesday, May 7, 2019

ISIS

തീവ്രവാദി സംഘടനയായ ഐഎസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എൻ.ഐ.എ കസ്റ്റ‍ഡിയിലെടുത്തു. കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധയിട്ടിരുന്നവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

ശ്രീലങ്കയിലെ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ എ.എന്‍.ഐ സംഘം കേരളത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നാണ് ഫൈസലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഓച്ചിറ ചങ്ങൻകുളങ്ങരയിലെ ഫൈസലിന്‍റെ വീട്ടിൽ എൻ.ഐ.എ നേരത്തേ പരിശോധന നടത്തിയിരുന്നു. എന്‍.ഐ.എ നിര്‍ദേശത്തെ തുടര്‍ന്നാണ് ദോഹയിലായിരുന്ന ഫൈസല്‍ കൊച്ചിയിലെത്തിയത്.

നേരത്തെ ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് ഫൈസല്‍ ഉൾപ്പെടെ മൂന്ന് പേരെ എൻ.ഐ.എ കേസിൽ പ്രതി ചേർത്തിരുന്നു. കാസർഗോഡ് സ്വദേശികളായ പി.എ. അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.